കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്നത്തെ ലോകത്ത് മാധ്യമങ്ങള്‍ നമ്മളെയും നമ്മുടെ ചിന്തകളെയും നിയന്ത്രിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നമുക്ക് ഇഷ്ടപ്പെട്ട മീഡിയം കണ്ടുപിടിച്ച് അതിലൂടെ രാഷ്ട്രീയ ബോധ്യങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടെ നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനത്തിലും ഒരു ആത്മപരിശോധന നടത്തണ്ട സമയമായി. ഒരു പുതിയ മാധ്യമ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് നല്ലതാണോ എന്ന് മാധ്യമ ലോകം ഗൗരവകരമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന പി.എന്‍ പ്രസന്നകുമാറിന്റെ പേരില്‍ എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പി.എന്‍ പ്രസന്നകുമാര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ സാമൂഹിക, രാഷ്ട്രീയ, മാധ്യമ ജീവിതവുമായി ഇഴുകി ചേര്‍ന്ന ഒരാളായിരുന്നു പ്രസന്നകുമാര്‍. എല്ലാവര്‍ക്കും അദ്ദേഹം ഒരു സഹയാത്രികനെപ്പോലെ ആയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ജീവിതം ഒഴിഞ്ഞുവച്ച ഒരാളാണ് അദ്ദേഹമെന്നും വി.ഡി സതീശന്‍ അനുസ്മരിച്ചു.
എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്റെ ബ്രോഷര്‍ മുന്‍ മന്ത്രി കെ.ബാബു എംഎല്‍എക്ക് നല്‍കി പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്തു. മാതൃഭൂമി മുന്‍ നിയമകാര്യ ലേഖകനും ബ്യൂറോ ചീഫുമായിരുന്ന ജി.ഷഹീദ് എഴുതിയ നെല്‍സണ്‍ മണ്ടേലയും രണ്ട് മലയാളികളും എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. വി.ഡി സതീശനില്‍ നിന്ന് പി.എന്‍ പ്രസന്നകുമാറിന്റെ പത്‌നി പ്രൊഫ.വി.കെ രജനി പുസ്തകം ഏറ്റുവാങ്ങി. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ. ബാബു എംഎൽഎ, ടി.ജെ വിനോദ് എംഎല്‍എ, സി.ജി രാജഗോപാല്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ഷജില്‍ ‘കുമാര്‍, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത തുടങ്ങിയവര്‍ സംസാരിച്ചു.