തിരുവനന്തപുരം: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിക്കാന്‍ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനും ഈ വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.