മലപ്പുറം: കൂരിയാട് ഇന്നലെ റോഡ് തകർന്നതിന് പിന്നാലെ ഇന്ന് മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളലുണ്ടായി. മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഇന്നലെ കൂരിയാട് റോഡ് തകർന്നുവീണ പശ്ചാത്തലത്തിൽ സമീപവാസികൾ ആശങ്കയിലാണ്. മേഖലയിൽ ഇന്നലെ മുതൽ ശക്തമായ മഴയുണ്ട്.
മലപ്പുറം കൂരിയാട് ഇന്നലെ ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സർവിസ് റോഡും തകർന്നത്. അപകടത്തിൽ രണ്ട് കാറുകൾ തകരുകയും നാല് പേർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ കാസർകോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്. മേഖലയിൽ കനത്ത മഴയാണ് ഇന്നലെ മുതൽ. ദേശീയപാതയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ സർവിസ് റോഡ് വഴിയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.