ചെന്നൈ: ഭാഷാ തർക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്. സംസ്ഥാന ബജറ്റിന്റെ ലോഗോയിലാണ് രൂപയുടെ ചിഹ്നം ദേവനാഗരി ലിപിയിലെ “₹” എന്ന അക്ഷരത്തിനു പകരം തമിഴിൽ “ரூ” എന്ന് കൊടുത്തിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെയാണ് രൂപയുടെ തമിഴ് ചിഹ്നം അവതരിപ്പിച്ചത്.
ഹിന്ദി അടിച്ചേൽപ്പിക്കൽ, ദേശീയ വിദ്യാഭ്യാസ നയം എന്നിവയ്ക്കെതിരെ കേന്ദ്ര സർക്കാരുമായുള്ള അസ്വാരസ്യങ്ങൾക്ക് ഇടയിലാണ് തമിഴ്നാട് ഗവൺമെന്റിന്റെ പുതിയ തീരുമാനം എന്നതാണ് ശ്രദ്ധേയം. സമൂഹമാധ്യമങ്ങളിൽ അടക്കം സംഭവത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉള്ളത്. ചിലർ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പായി മാറ്റത്തെ കാണുമ്പോൾ മറ്റു ചിലർ ഇതിനെ അനാവശ്യ വിവാദമായാണ് വിലയിരുത്തുന്നത്. ഗവൺമെന്റിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്