archive Politics

ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസുമായി പ്രതിപക്ഷം

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം വിന്‍സെന്റ് എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

സപ്ലൈകോ  ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍  തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, അന്ന് തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും  നിലവില്‍ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു. പത്രമാധ്യമങ്ങളും ഇക്കാര്യം  വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍  സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ  ലഭ്യത സംബന്ധിച്ച് മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം വിന്‍സെന്റ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട  ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി  നിയമസഭ അംഗമെന്ന നിലയില്‍ എന്റെയും നിയമസഭയുടെയും സഭാഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചു. കേരള നിയമസഭയുടെ  നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആര്‍ അനിലിനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് എം. വിന്‍സെന്റ് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

കത്ത് പൂര്‍ണരൂപത്തില്‍

ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  ശ്രീ. ജി. ആര്‍. അനിലിന് എതിരെ താഴെ പറയുന്ന കാരണങ്ങളാല്‍ നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അവകാശലംഘനത്തിന് നോട്ടീസ് നല്‍കുന്നു.

സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ വിപണിയില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിലക്കയറ്റം മൂലം ജനജീവിതം ദുസഹമായതും സംബന്ധിച്ച് ശ്രീ. പി. സി. വിഷ്ണുനാഥ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ 8.8.2023 ന് നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് സഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തിയ അവസരത്തില്‍, സപ്ലൈകോയുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട 13 നിത്യോപയോഗ സാധനങ്ങളില്‍  ഭൂരിഭാഗവും നിലവില്‍ ലഭ്യമല്ല എന്ന കാര്യം  മാധ്യമങ്ങള്‍  റിപ്പോര്‍ട്ടു ചെയ്തതിന്റെ  കൂടി അടിസ്ഥാനത്തില്‍  അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സപ്ലൈകോ  ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ല എന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്  പറഞ്ഞത് തെറ്റായ സ്റ്റേറ്റ്‌മെന്റ് ആണ് എന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍  തയ്യാറാണ് എന്നും ബഹുമാനപ്പെട്ട ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി സഭയില്‍ വ്യക്തമാക്കി.

എന്നാല്‍, അന്നേ ദിവസം തന്നെ വിവിധ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍  മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നു വ്യക്തമാക്കുന്ന രീതിയില്‍, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും  നിലവില്‍ ലഭ്യമല്ല എന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു. കൂടാതെ വിവിധ പത്രമാധ്യമങ്ങള്‍ അടുത്ത ദിവസങ്ങളില്‍  ഈ കാര്യം  വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹുമാനപ്പെട്ട മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ല എന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഈ കാര്യങ്ങളില്‍ നിന്നും  സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ  ലഭ്യത സംബന്ധിച്ച് ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണ്.

ആയതിനാല്‍, ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന വളരെ പ്രധാനപ്പെട്ട  ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞു  സഭയെയും സാമാജികരെയും മന : പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ  ബഹു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി  നിയമസഭ അംഗമെന്ന നിലയില്‍ എന്റെയും നിയമസഭയുടെയും സഭാഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചിരിക്കുന്നു. ആയതിനാല്‍ കേരള നിയമസഭയുടെ  നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം ബഹുമാനപ്പെട്ട  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി. ആര്‍. അനിലിന് എതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സപ്ലൈകോ  ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ ഭൂരിഭാഗവും  ലഭ്യമല്ല എന്നത് വ്യക്തമാക്കിക്കൊണ്ട് വിവിധ ദൃശ്യമാധ്യമങ്ങള്‍ 8.8.23ന്  നല്‍കിയ വാര്‍ത്തകളുടെ വീഡിയോ പകര്‍പ്പും ഇത് സംബന്ധിച്ച് പത്രമാധ്യമങ്ങള്‍ 8.8.23ന് ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പകര്‍പ്പും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.