ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി ഇന്ന് മകരവിളക്ക്. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാനുള്ള കാത്തിരിപ്പാണ് സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുന്ന ഭക്തര്‍. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ഇന്ന് രാവിലെ 8.55ന് മകരസംക്രമപൂജയും സംക്രമാഭിഷേകവും നടക്കും.
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍നിന്നും പ്രത്യേക ദൂതന്‍ വശംകൊണ്ടു വരുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജമധ്യത്തില്‍ അഭിഷേകം ചെയ്യുക. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍നിന്നും കൊണ്ടുവരുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, എ.ഓ. ബിജു വി. നാഥ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും. തത്ത്വമസിയുടെ പൂമുഖം കടന്ന് എത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു തിരുവാഭരണം ചാര്‍ത്തി ദീ പാരാധന നടത്തും.