archive lk-special

പൂരനഗരിയെ ആവേശത്തിലാക്കി തൃശൂരിൽ ഇന്ന് പുലികളി; നഗരവീഥികൾ കൈയ്യടക്കാൻ പെൺപുലികളും

തൃശൂർ: സ്വരാജ് ഗ്രൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. 5 ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 മാണിയോട് കൂടി സ്വരാജ് റൗണ്ടിനെ വലംവെയ്ക്കുക. ശക്തന്‍ പുലികളി ദേശം, കാനാട്ടുകര, അയ്യന്തോള്, വിയ്യൂര്, സീതാറാം മില്‍ ദേശം തുടങ്ങിയ അഞ്ച് ടീമുകളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്.

തൃശൂരുകാർക്ക് പൂരത്തിന് ശേഷമുള്ള മഹാ പൂരമാണ് പുലികളി എന്നാണ് അറിയപ്പെടുന്നത്.  രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് തുടങ്ങിക്കഴിഞ്ഞു. വിയ്യൂർ ദേശമാണ് പുലികളിക്ക് ആദ്യം ഇറങ്ങുന്നത്. നഗരവീഥികൾ കൈയ്യടക്കാൻ സ്ത്രീകള്‍ അടക്കം പുലികളായി ഇറങ്ങുന്നുവെന്നതും പ്രത്യേകതയാണ്. വിയ്യൂർ ദേശത്ത് നിന്നാണ് പെൺപുലികൾ ഇറങ്ങുന്നത്

ഉച്ചകയുമ്പോഴേയ്ക്കും മേളക്കാരെത്തും തുടർന്ന് മേളത്തിന്റെ അകമ്പടിയാകും. തുടർന്ന് 3 മണിയോട് കൂടി തന്നെ പുലികളി സംഘങ്ങൾ പുറപ്പെടും. വൈകിട്ട് നാലിന് ശക്തൻ സംഘം ആദ്യം സ്വരാജ് റൗണ്ടിൽ തെക്കേഗോപുര നടയുടെ മുന്നിലെത്തും. 4 മണിമുതൽ 9 മണിവരെയാണ് ഈ ദേശങ്ങൾ സ്വരാജ് ഗ്രൗണ്ടിൽ ഉണ്ടാവുക.

എം.ജി റോഡിൽ നിന്നും ആദ്യം കയറി വരുന്നത് സീതാറാം മില്‍ ആണ്. തൊട്ടുപിന്നാലെ കാനാട്ടുകര വരും പിന്നാലെ ശക്തൻ വരും ഏറ്റവും ഒടുവിൽ അയ്യന്തോളും എത്തിച്ചേരും. നാലാം നാളില്‍ നടക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുലികളി കാണാന്‍ വിദേശികള്‍ അടക്കം എല്ലാ ദേശത്തു നിന്നും ആളുകള്‍ എത്തിച്ചേരും. അതുകൊണ്ടുതന്നെ നഗരത്തിൽ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.