ന്യൂഡൽഹി: പാകിസ്താന് രഹസ്യവിവരങ്ങൾ കൈമാറിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പഹൽഗാമിൽ നിന്ന് സ്ഥലംമാറിപ്പോയത് ഭീകരാക്രമണം നടന്ന ഏപ്രിൽ 22ന് ആറ് ദിവസം മുമ്പെന്ന് റിപ്പോർട്ടുകൾ. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചാരപ്പണി നടത്തിയതിന് എൻ.ഐ.എ അറസ്റ്റ് ചെയ്ത സി.ആർ.പി.എഫ് അസി. സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ട് 116ാം ബറ്റാലിയന്റെ ഭാഗമായാണ് പഹൽഗാമിലുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി (പി.ഐ.ഒ) തന്ത്രപ്രധാനമായ വിവരങ്ങൾ മോത്തി റാം ജാട്ട് പങ്കുവെച്ചിരുന്നതായാണ് എൻ.ഐ.എ കണ്ടെത്തിയത്. വിവിധ മാർഗങ്ങളിലൂടെ ഇയാൾ പി.ഐ.ഒയിൽനിന്ന് പണം കൈപ്പറ്റിയിരുന്നതായും എൻ.ഐ.എ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ഇയാളെ സി.ആർ.പി.എഫ് സർവിസിൽനിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണങ്ങളുടെ ഭാഗമായി ജൂൺ ഒമ്പതുവരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.
മോത്തി റാമിന്റെ സമൂഹമാധ്യമ ഇടപെടലുകളിൽ സംശയം തോന്നിയ സി.ആർ.പി.എഫ് ഇദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. മോത്തി റാമിനെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചോദ്യംചെയ്തതിന് പിന്നാലെയാണ് എൻ.ഐ.എക്ക് കൈമാറിയത്. യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എൻ.ഐ.എ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുമുള്ള നിർണായക വിവരങ്ങൾ പാക് ഇന്റലിജൻസിന് ചോർത്തി നൽകിയെന്നാണ് വിവരം.
ചാരവൃത്തി നടത്തിയ ഗുജറാത്ത് സ്വദേശിയായ ആരോഗ്യപ്രവർത്തകൻ ശനിയാഴ്ച പിടിയിലായിരുന്നു. ഗുജറാത്ത് ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ സഹദേവ് സിങ് ദീപുഭ ഗോഹിലാണ് പാക് അതിർത്തി ജില്ലയായ കച്ചിൽ വെച്ച് പിടിയിലായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ്(എ.ടി.എസ്) ആണ് ഇയാളെ പിടികൂടിയത്. സഹദേവ് സിങ് 2023 മുതൽ വിവിധ സമൂഹ മാധ്യമങ്ങൾ വഴി അതിർത്തിപ്രദേശങ്ങളിലെ സൈനിക വിന്യാസം, ചെക്ക് പോസ്റ്റുകൾ തുടങ്ങിയവയുടെ തന്ത്രപ്രധാനമായ ചിത്രങ്ങൾ കൈമാറിയെന്നാണ് എ.ടി.എസ് കണ്ടെത്തൽ. കച്ചിൽ ജോലി ചെയ്തിരുന്ന ഇയാൾ ഏറെനാളായി നിരീക്ഷണത്തിലായിരുന്നു.