archive lk-special

‘പട്ടി’ പരാമര്‍ശം വിനയായി, കെ സുധാകരനെതിരെ കട്ടക്കലിപ്പില്‍ മുസ്ലിം ലീഗ്, സിപിഎം റാലി യുഡിഎഫിനെ പിളര്‍ത്തുമോ?

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഎം സംഘടിപ്പിക്കുന്ന റാലയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ യുഡിഎഫിലെ ഐക്യം തകര്‍ക്കുമെന്നുറപ്പായിരിക്കുകയാണ്. സിപിഎം റാലിയിലേക്ക് മുസ്ലീം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുന്നു എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹന്‍ മാസ്റ്ററും ക്ഷണിച്ചാല്‍ പങ്കെടുക്കും എന്ന് ലീഗ് നേതാവ് ഈ ടി മുഹമ്മദ് ബഷീര്‍ എംപി യും പറഞ്ഞതോടെയാണ് രാഷ്ട്രീയമായി കോണ്‍ഗ്രസ് വെട്ടിലായത്.

ഈ മാസം 11നാണ് സിപിഎമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. ഇതിലേക്ക് ഇതുവരെ തങ്ങളെ പാര്‍ട്ടി ക്ഷണിച്ചിട്ടടില്ലെന്നും എന്നാല്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നുമാണ് ഇ ടി ബഷീര്‍ വ്യക്തമാക്കിയത്. ‘ഫലസ്തീന്‍ വിഷയത്തില്‍ രാജ്യവ്യാപകമായി ചര്‍ച്ച നടക്കണം. ഓരോ ദിവസവും ലോകത്തെ നടുക്കിയ സംഭവവികാസങ്ങളാണു വായിക്കുന്നത്. വിഷയത്തില്‍ അഭിപ്രായരൂപീകരണം നടക്കണം. അതിനുവേണ്ടിയുള്ള പരിശ്രമം നടക്കേണ്ടതുണ്ട്. വിഷയത്തില്‍ മുസ്ലിം ലീഗ് വളരെ വലിയ റാലി കോഴിക്കോട്ട് നടത്തിയിരുന്നു. കക്ഷി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ഇല്ലാതെ എല്ലാവരും അതിനെ പ്രകീര്‍ത്തിച്ചു. അതുപോലെയുള്ള നീക്കങ്ങള്‍ ആവശ്യമാണെന്നും ഇ ടി വ്യക്തമാക്കി. ഏക സിവില്‍ കോഡിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു’.

സിപിഎം നടത്തുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക് ആദ്യം സമസ്തയെ ക്ഷണിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ സിപിഎം യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കുന്ന ഒരു രാഷ്ട്രീയ അടവ് നയം പയറ്റുകയുമുണ്ടായി. ഐക്യദാര്‍ഢ്യ സദസ്സില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെങ്കിലും മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞതാണ് കോണ്‍ഗ്രസിന് അടിയായത്. കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ട് എന്തിനാണ് ഇസ്രോയേല്‍ അനുകൂല നിലപാടിന് വേദിയൊരുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘ഇത് സിപിഎമ്മിന്റേയോ ലീഗിന്റെയൊ വിഷയം അല്ല. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ് എന്നതാണ് സിപിഎം പ്രഖ്യാപിച്ച നയം. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും ഒന്നിക്കേണ്ട വിഷയമാണ് എന്നതാണ് ഇടിയുടെയും നിലപാട്. ഏക സിവില്‍ കോഡിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും’ അദ്ദേഹം പറഞ്ഞു. ലീഗ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സിപിഎമ്മും വ്യക്തമാക്കി.

അതേസമയം, ലീഗ് തീരുമാനത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്ത് വന്നു. ലീഗിന്റെ അഭിപ്രായം കേട്ടിട്ടില്ല. സിപിഎമ്മിനൊപ്പം വേദി പങ്കിടേണ്ട എന്നത് യുഡിഎഫ് തീരുമാനമാണെന്നും അത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ജന്മം പട്ടിയാണെങ്കില്‍ ഇപ്പോഴെ കുരയ്ക്കണോ എന്ന കടുത്ത വിമര്‍ശനവും അദ്ദേഹം നടത്തി.

എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. സുധാരകന്റെ പരമാര്‍ശം കൂടിപ്പോയെന്നാണ് ലീഗ് വിലയിരുത്തല്‍. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ഷത്തോട് പ്രതികരിക്കുമ്പോഴാണ് കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശം.

അതേസമയം പലസ്തീന്‍ വിഷയത്തില്‍ ആരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. അതുകൊണ്ടുതന്നെ സിപിഐഎം പരിപാടിയിലേക്ക് പോകാന്‍ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്.

അതേസമയം സിപിഐഎമ്മിന്റെ പലസ്തീന്‍ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ് ഇന്ന് രാഗത്തുവന്നിട്ടുണ്ട്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയമൊരു സാമുദായിക താത്പര്യമല്ല. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല പശ്ചിമേഷ്യന്‍ യുദ്ധം. ലോകം മുഴുവന്‍ പലസ്തീന്‍ പ്രശ്നത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.

അതുപോലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തില്‍ കടുത്ത രോഷം പ്രകടമാക്കിയ സലാം, കെസുധാകരന്‍ മാത്രമല്ല ഏത് നേതാവായാലും പ്രതികരണങ്ങളില്‍ മാന്യത കാണിക്കണമെന്ന് ഓര്‍മിപ്പിച്ചു. മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ പ്രസ്താവന യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

‘പലസ്തീനിലേത് ഒരു സാമുദായിക പ്രശ്നമല്ല. എത്ര മനുഷ്യക്കുഞ്ഞുങ്ങളാണ് പലസ്തീനില്‍ മരിച്ചുവീഴുന്നത്. ക്രിസ്ത്യാനികളും ജൂതന്മാരുമൊക്കെ ഇല്ലേ, മുസ്ലിങ്ങള്‍ മാത്രമല്ലല്ലോ. ലോകം മുഴുവന്‍ ഈ പ്രശ്നത്തിനൊപ്പം നില്‍ക്കുന്നുണ്ട്’. അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സഹകരിക്കുന്നതില്‍ വിയോജിച്ച് എം കെ മുനീര്‍. അങ്ങനെ ഒരു ആലോചന പാര്‍ട്ടി എടുത്തിട്ടില്ല. കൂടിയാലോചനയിലൂടെ മാത്രമേ പാര്‍ട്ടി തീരുമാനമെടുക്കൂ. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചിട്ട് തീരുമാനം അറിയിക്കും. എന്റെ തീരുമാനം പാര്‍ട്ടിക്ക് അകത്ത് പറയേണ്ടതാണ്. അത് പാര്‍ട്ടിക്കുള്ളില്‍ പറയും. ഞാന്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും. പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും.

പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഐഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീര്‍ വ്യക്തമാക്കി.

ഏതായാലും സിപിഎം ന്റെ പാലസ്തീന്‍ സമ്മേളനത്തിനു ഇനിയും ഒരാഴ്ചയിലേറെ ഉണ്ടെങ്കിലും സിപിഎം യുഡിഎഫിന്റെ പുരക്കുമുകളില്‍ തീകോരിയിട്ടുകഴിഞ്ഞു. സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ സംഭവിച്ചത് പോലെ ലീഗ് ഒടുവില്‍ പങ്കെടുക്കാതെ ഇരുന്നാലും അതുവരെയുള്ള ചര്‍ച്ചകള്‍ യുഡിഎഫില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നു ഉറപ്പാണ്.