കൊച്ചി: നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സിഐഎസ്എഫ് എസ്ഐ വിനയകുമാർദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോ (25) മരിച്ച സംഭവത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ നായത്തോട് സെന്റ് ജോൺസ് ചാപ്പലിന് അടുത്താണ് സംഭവം. ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ഐവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനഃപൂർവം വാഹനം ഇടിച്ചതെന്ന് വിവരം ലഭിച്ചത്.
ഐവിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തിലെ ഹോട്ടലിലെ ഷെഫാണ്. അപകടത്തിനു മുൻപ് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായതായി പോലീസിനു വിവരം ലഭിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഐവിൻ തന്നെ മൊബൈലിൽ പകർത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
ഉദ്യോഗസ്ഥർ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവസ്ഥലത്ത് വച്ച് നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടിരക്ഷപ്പെട്ട മോഹനെ വിമാനത്താവളത്തിൽനിന്ന് പോലീസ് പിടികൂടി.