മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപാധിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസും. രണ്ടു ദിവസത്തിനുള്ളില്‍ യുഡിഎഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് ഭീഷണി. രണ്ടു ദിവസം മുമ്പ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും വഞ്ചനാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് ആരോപണം.
യുഡിഎഫ് നേതൃത്വത്തിന് രണ്ടു ദിവസം സമയം ഉപാധിവെയ്ക്കുകയും ചെയ്തു. പി.വി. അന്‍വറിന് തനിച്ച് ജയിക്കാനുള്ള സാഹചര്യം നിലമ്പൂരില്‍ ഉണ്ടെന്ന് ടിഎംസി നിലമ്പൂര്‍ മണ്ഡലം നേതാവ് ഇ.എ. സുകു മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിനെ ജയിപ്പിക്കാനോ യുഡിഎഫിനെ തോല്‍പ്പിക്കാനോ വേണ്ടിയല്ല പി.വി. അന്‍വറിന് നിലമ്പൂരില്‍ ജയിക്കാനുള്ള സാഹചര്യമുണ്ടെന്നും പറഞ്ഞു. ടിഎംസി മുമ്പോട്ട് വെയ്ക്കുന്ന ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന മുന്നണി യുഡിഎഫായതിനാലാണ് അവര്‍ക്കൊപ്പം നിലകൊള്ളാന്‍ താല്‍പ്പര്യപ്പെടുന്നതെന്നും എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ കൂട്ടാക്കാതെ യുഡിഎഫ് നേതാക്കള്‍ വഞ്ചനാപരമായ സമീപനം സ്വീകരിക്കുകയാണെന്നും പറഞഞ്ഞു.