loginkerala breaking-news നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ ആത്മഹത്യ; പ്രിൻസിപ്പളിനും വൈസ് പ്രിൻസിപ്പളിനും സസ്പെൻഷൻ
breaking-news

നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ ആത്മഹത്യ; പ്രിൻസിപ്പളിനും വൈസ് പ്രിൻസിപ്പളിനും സസ്പെൻഷൻ

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ് (22) ജീവനൊടുക്കിയ സംഭവത്തിൽ കോളെജ് പ്രിൻസിപ്പളിനും വൈസ് പ്രിൻസിപ്പളിനും സസ്പെൻഷൻ. ചുട്ടിപ്പാറ നഴ്സിംഗ് കോളെജ് പ്രിൻസിപ്പൽ ആയിരുന്ന അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

അമ്മുവിൻറെ മരണത്തിൽ പ്രിൻസിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

നവംബർ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളെജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിയായിരുന്ന അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പൊലീസ് സഹപാഠികളുടെയും അധ്യാപകരുടേയും അമ്മുവിൻറെ രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അമ്മുവിൻറെ സഹപാഠികളായ 3 പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് കുടുംബത്തിൻറെ പരാതി.

ആത്മഹത്യാപ്രേരണ കേസിൽ അറസ്റ്റിലായ 3 സഹപാഠികൾക്കും കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ഇവരെ കോളെജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, അധ്യാപകൻ സജീവിനെതിരെ ഇതുവരെയും നടപടി എടുത്തിട്ടില്ല.

Exit mobile version