തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു അറസ്റ്റിൽ. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിൽ പണം തട്ടിയെന്ന കേസിലാണ് നടപടി.
ദേവസ്വം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ദേവസ്വം ബോർഡിൽ ഡ്രൈവറായി ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
പത്ത് ലക്ഷം വാങ്ങി ഇവർ പരാതിക്കാരനായ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ പത്ത് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
ശ്രീതുവിന്റെ മകൾ ദേവേന്ദു ജനുവരി 27നാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.
ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
Leave feedback about this