breaking-news India

ഡൽഹി കലാപം:ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. കേസിൽ ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെ ഏഴ് പേർ സമർപ്പിച്ച ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

2020 മുതൽ തങ്ങൾ ജയിലിൽ കഴിയുകയാണെന്നും വിചാരണ നടപടികൾ നീണ്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഏഴുപേരും ജാമ്യത്തിന് അപേക്ഷിച്ചത്. ഇത്രയും കാലം തടവിൽ കഴിഞ്ഞതിനാൽ തങ്ങൾക്ക് ജാമ്യത്തിന് ന്യായമായ അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഈ കേസിൽ ഉൾപ്പെട്ട എല്ലാവരെയും ഒരുപോലെ കാണാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പ്രത്യേകം പരിശോധിച്ച ശേഷമാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നൽകേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തിൽ കോടതി എത്തിയത്.

കലാപം ആസൂത്രണം ചെയ്തതിലും അതിനായി ആളുകളെ കൂട്ടിയതിലും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും നിർണ്ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗൗരവകരമാണ്. ഉമർ ഖാലിദിനും, ഷർജീൽ ഇമാമാമിനും ഒരു വർഷത്തിന് ശേഷം ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം, ജാമ്യാപേക്ഷ നൽകിയ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷഹാദ് അഹമ്മദ് എന്നിവർക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video