വടകര: രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്നും ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറഞ്ഞു. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി. രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും ധാർമികതയെന്തെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
അതേസമയം ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം നടക്കുകയാണ്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ദേശീയ പാതാ നിർമ്മാണം വെെകുന്നുവെന്നാരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ നടക്കുന്ന ഉപവാസ സമരത്തിന്‍റെ ഉദ്ഘാടകനായാണ് ഷാഫി വടകരയിൽ എത്തിയത്.
ഷാഫിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധവുമായി ഡിവെെഎഫ്ഐ പ്രവർത്തകർ എത്തി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഷാഫി ജയിച്ച വടകര ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും എന്നാണ് ഡിവെെഎഫ്ഐ പ്രവർത്തകരുടെ തീരുമാനം. വിവാദ വിഷയങ്ങളിൽ രാഹുലിനെ ഷാഫി സംരക്ഷിച്ചുവെന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുണ്ട്.