archive entertainment

ജയിലര്‍ 300 കോടി ക്ലബ്ബില്‍; ആഗോള തലത്തില്‍ കളക്ഷന്‍ 300 കോടി കടന്നു

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് സ്റ്റൈല്‍ മന്നന്‍ ചിത്രം ജയിലര്‍. റിലീസായി നാല് ദിവസം പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 300 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. 300 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ രജനി ചിത്രം കൂടിയാണ് ജയിലര്‍.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ രജനി ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്.

ഓഗസ്റ്റ് പത്തിന് റിലീസിനെത്തിയ ജയിലര്‍ നാല് ദിവസം പിന്നിട്ടപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് കളക്ഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഇതോടെ 300 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ രജനി ചിത്രം കൂടിയായി ജയിലര്‍. എന്തിരന്‍, കബാലി, 2.0 എന്നിവയാണ മുമ്പ് 300 കോടി കടന്ന രജനി സിനിമകള്‍. ഇന്ത്യയില്‍ മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 140 കോടി കടന്നു.

നെല്‍സണ്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത്  അവതരിപ്പിച്ചിരിക്കുന്നത്.

പ്രതി നായക വേഷത്തില്‍ വിനായകന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍, അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലും പ്രക്ഷകരെ കയ്യിലെടുക്കുന്നുണ്ട്.

തമന്നയാണ് ചിത്രത്തില്‍ നായിക. രമ്യ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ജയിലറിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അനിരുദ്ധാണ്.