കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണെന്നും ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകി. കാലാവധി കഴിയുമ്പോൾ സ്വാഭാവികമായും സർക്കാർ മറ്റൊരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കും. ആ ഭാരവാഹികളെ തീരുമാനിച്ചു. അതിൻ്റെ ഉത്തരവ് പുറത്തിറക്കി എന്നല്ലാതെ അതിനപ്പുറത്തേക്ക് ഒരതിശയവും അതിലുണ്ടെന്ന് തോന്നുന്നില്ല. സ്വാഭവികമായും പ്രേം കുമാറിനോട് പറഞ്ഞ് കാണുമെന്നാണ് ഞാൻ വിചാരിച്ചത്. പറയേണ്ട ഉത്തരവാദിത്തം അക്കാദമിക്കാണ്. ആശാ സമരത്തിനെ അനുകൂലിച്ചതിൻ്റെ പേരില്ല മാറ്റിയത്. അങ്ങനെയൊരു സംഭവം ഉള്ളതായി അറിയില്ല. പ്രേം കുമാറിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന് പ്രയാസമൊന്നും ഉള്ളതായി തോന്നിയില്ല എന്നും സജി ചെറിയാൻ പറഞ്ഞു.
