archive Technology

ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ഇന്ത്യുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍-3 വിജയക്കുതിപ്പ് തുടരുന്നു. ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. നിലവില്‍ ചന്ദ്രന്റെ 164 കിലോമീറ്റര്‍ അടുത്തും 18074 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ചാന്ദ്രയാന്‍ വലം വെയ്ക്കുന്നത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടുട്ടുള്ളത്.

ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. 2023 ഓഗസ്റ്റ് 5-ന് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന്‍ സമയത്ത് ചന്ദ്രയാന്‍-3 വീക്ഷിച്ച ചന്ദ്രന്‍ എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആര്‍ഒ വീഡിയോ പങ്കുവച്ചത്.

ജൂലൈ 14ന് ഇന്ത്യന്‍ സമയം 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തേറിയ എല്‍വിഎം റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍-3 വിജയക്കുതിപ്പേറിയത്.

ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ എന്നറിയപ്പെട്ടിരുന്ന എല്‍.വി.എം 3 അഥവാ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ,ചൈന, അമേരിക്ക, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത.്