ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്ത് ചാന്ദ്രയാന്‍ 3. ചാന്ദ്രഭ്രമണപഥം താഴത്തലിന്റെ മൂന്നാം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. പേടകത്തിന്റെ കൂടിയ ഭ്രമണപഥദൂരം 1473 കിലോമീറ്റര്‍ ആയി.
രാവിലെ 11.30നും 12.30നും ഇടയിലുള്ള ശാസ്ത്രമുഹൂര്‍ത്തത്തിലാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ചാന്ദ്രയാന്‍ 3 ആയിരം കിലോമീറ്റര്‍ പരിധിക്കുള്ളിലേക്ക് കടന്നു.
അവസാന ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ മറ്റന്നാളാണ് നടക്കുക. ഇതോടെ ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് കടക്കും.
വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. പിന്നീടുള്ള ആറ് ദിവസം വേഗത കുറച്ചുള്ള യാത്രക്കൊടുവിലാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ സ്വപ്‌നം കാണുന്ന നിര്‍ണായകമായ ദിനം.
ഓഗസ്റ്റ് 23ന് ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യും. 2019 സെപ്റ്റംബര്‍ 6ല്‍ ഇന്ത്യ കണ്ണീരണിഞ്ഞത് ചാന്ദ്രയാന്‍ 2 സോഫ്റ്റ്‌ലാന്‍ഡിങിനിടെ പരാജയപ്പെട്ടതോടെയാണ്.
ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പിഴവുകളെല്ലാം നികത്തിയാണ് ഇത്തവണ സോഫ്റ്റ്‌ലാന്‍ഡിങ്. അമേരിക്കയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ഇന്ത്യയും ആ സ്വപ്‌നനേട്ടത്തിന്റെ പട്ടികയില്‍ വരും.