കൊല്ലം: ആവണീശ്വരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ മലപ്പുറം തിരൂരിൽ കണ്ടെത്തി. കുട്ടി തന്നെയാണ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് വീട്ടുകാരെ ഫോണ്‍ വിളിച്ച് വിവരമറിയിച്ചത്.
റെയില്‍വേ പോലീസിനൊപ്പം സുരക്ഷിതയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. കുട്ടിയുടെ ബന്ധുക്കൾ തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ആവണീശ്വരം കുളപ്പുറം സ്വദേശിയായ കുട്ടിയെയാണ് വ്യാഴാഴ്ച ഉച്ച മുതൽ കാണാതായത്. തുടർന്ന് വൈകീട്ട് ആറരയോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
മാതാവ് വഴക്കുപറഞ്ഞതിന് പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. കൊല്ലത്തുനിന്ന് ട്രെയിനിൽ കയറിയാണ് കുട്ടി പോയത്.
കുട്ടിയെ കണ്ടെത്തിയവർ പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടി മാതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കുന്നിക്കോട് പോലീസ് അറിയിച്ചു.