കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശിനെ 14 ദിവസത്തെക്ക് റിമാൻഡ്ചെയ്തു. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെടും.ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെയും അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയെന്ന് ഉന്നതവിദ്യാഭ്യാഭ്യാസമന്ത്രി ആർ.ബിന്ദു അറിയിച്ചു. ലഹരി പിടികൂടാൻ സഹായകമായത് ഇവിടുത്തെ വിദ്യാർഥികളും കോളജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയാണെന്നും മന്ത്രി പ്രതികരിച്ചു.വി ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. ഹോളി ആഘോഷിക്കാനെത്തിച്ച ലഹരിയാണ് പിടികൂടിയത്. വിദ്യാർഥികൾക്ക് സംഭവത്തിൽ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറുമാസമായി അവിടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊച്ചി ലഹരി സംഘങ്ങളുടെ താവളമാകുന്നെന വാർത്തകളാണ് പുറത്തെത്തുന്നത്. കോളജ് ഹോസ്റ്റലുകളിൽ മാത്രമല്ല സ്വകാര്യ ഹോസ്റ്റൽ കേന്ദ്രങ്ങളിൽ പോലും പൊലീസ് എക്സൈസ് സംഘത്തിന്റെ സംയുക്ത പരിശോധന തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നർക്കോട്ടിക്ക് കേസ് എടക്കം 300 ലധികം കേസുകളാണ് കൊച്ചിയിൽ രാത്രികാല പരിശോധനയിൽ കണ്ടെത്തിയത്.
എല്ലാ കാന്പസിലും ഇത്തരത്തിലുള്ള സോഴ്സുകൾ ഉണ്ടെങ്കിൽ അത് അറിയിക്കുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകുമെന്നാണ് മന്ത്രിയുിടെ പ്രഖ്യാപനം. ലഹരിക്കെതിരെ ജനജാഗ്രത സദസുകൾ സംഘടിപ്പിക്കും. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ്പ്രത്യേക ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും ആർ.ബിന്ദു വ്യക്തമാക്കിയത്. സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റിൽനിന്നുള്ള മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകർ ഇതിന്റെ ഭാഗമാകും. മാർച്ച് 17 മുതൽ 25 വരെ ക്യാമ്പയിന്റെ ഒന്നാംഘട്ടം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു