breaking-news Kerala

കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031′ നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും

വിഷന്‍ 2031- ആരോഗ്യ സെമിനാര്‍ ചൊവ്വാഴ്ച തിരുവല്ലയില്‍

കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031′ നയരേഖ ഒക്ടോബര്‍ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ആരോഗ്യ സെമിനാറില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. കേരളത്തിന്റെ ആരോഗ്യ രംഗം ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ 2016 മുതല്‍ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതികളും, കൈവരിച്ച നേട്ടങ്ങളും വിശകലനം ചെയ്യുകയും നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അപഗ്രഥിച്ച് അവയെ നേരിടുന്നതിനായുള്ള പദ്ധതികളും, ഭാവി വികസനത്തിനായുള്ള മാര്‍ഗരേഖകള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.

‘ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍’ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അവതരിപ്പിക്കും. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകളാണ് 4 വേദികളിലായി സംഘടിപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതാത് രംഗത്തെ വിദഗ്ധര്‍ മോഡറേറ്ററുകളായും പാനലിസ്റ്റുകളായും പങ്കെടുക്കും. കാന്‍സര്‍, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സെഷനില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശനും ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, പ്രമേഹം, രക്താതിമര്‍ദം, കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍, സിഒപിഡി വിഷയങ്ങളില്‍ അമൃത ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ, ജയ്ദീപ് സി മേനോനും മോഡറേറ്ററാകും.

മെഡിക്കല്‍ ഗവേഷണം, ടെറിഷ്യറി കെയര്‍ ശാക്തീകരണം എന്നീ വിഷയങ്ങളില്‍ ജവഹര്‍ലാര്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ചിലെ പ്രൊഫ. ചന്ദ്രഭാസ് നാരായണ, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വിദഗ്ധ അംഗം ഡോ. പി.കെ. ജമീല, ആയുഷ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. വി.ജി. ഉദയകുമാര്‍, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, സാംക്രമിക രോഗങ്ങള്‍, ഏകാരോഗ്യ പദ്ധതി എന്നിവയില്‍ ഐഎവി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ എന്നിവര്‍ മോഡറേറ്ററാകും.

എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍, ദുരന്ത നിവാരണം എന്നീ വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം എന്നീ വിഷയങ്ങളില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദു പി.എസ്., മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി എന്നീ വിഷയങ്ങളില്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. ഷാജി എം വര്‍ഗീസ്, ഭക്ഷ്യ സുരക്ഷയില്‍ ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. എന്‍. ആനന്ദവല്ലി എന്നിവര്‍ മോഡറേറ്ററാകും.

ലോകബാങ്ക് ലീഡ് എക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടന്‍, ആരോഗ്യ വിദഗ്ധ ഡോ. ദേവകി നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം 3.30 മുതല്‍ ചര്‍ച്ചയുടെ ആശയ ക്രോഡീകരണം മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. സെമിനാറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ആരോഗ്യ മേഖലയിലെ ഭാവി പദ്ധതികളുടെ ആസൂത്രണത്തിന് സഹായിക്കും

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video