breaking-news Kerala

കല്ലറ അനുയോജ്യമായ സമയത്ത് തുറന്ന് പരിശോധിക്കും; ക്രമസമാധാന പ്രശ്‌നമില്ലെന്ന് കലക്ടർ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ അനുകുമാരി. ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പോലീസ് അറിയിച്ചതെന്നും സാഹചര്യം അനുസരിച്ച് സമാധാനപരമായി കല്ലറ പൊളിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. പോലീസുമായി ആശയ വിനിമയം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം യാതൊരു കാരണവശാലും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപന്‍ സ്വാമിയുടെ കുടുംബം. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി കഴിഞ്ഞ ദിവസവും പോലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. കല്ലറ പൊളിക്കാന്‍ കലക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട്.നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

എന്നാല്‍, അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പോലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video