കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റില്‍ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തം അട്ടിമറിയില്ലെന്ന പ്രാഥമിക നിഗമനം. ബോയിലറിലെ മര്‍ദത്തില്‍ വ്യത്യാസം വന്നതായിരിക്കാം പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ വിദ്ഗ്ധ പരിശോധനയിലൂടെയേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ. പൊലീസ്, ഫയര്‍ സര്‍വീസ് തുടങ്ങിയവരെല്ലാം വിശദ പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയും നിര്‍ണ്ണായകമാകും.കടയിലെ ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ 4 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണു. വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴായിരുന്നു പൊട്ടിത്തെറി. വലിയ തിരക്കുള്ള സമയത്തായിരുന്നു അപകടം. കലൂര്‍ സ്റ്റേഡിയത്തിന്റെ അടുത്ത പ്രദേശം മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തിലായിരുന്നു സ്‌ഫോടനം. ബില്ലടച്ച് ഭക്ഷണം തനിയെ ശേഖരിച്ചു പുറത്തു നിരത്തിയിട്ടിരിക്കുന്ന ചെറിയ മേശമേല്‍ വച്ചു കഴിക്കുന്ന രീതിയാണ് ഇവിടെ. തുടങ്ങി അധികം കാലമായിട്ടില്ലെങ്കിലും വലിയ തിരക്കുള്ളതും ആളുകള്‍ ഒത്തുകൂടുന്നതുമായ സ്ഥലമാണ് ഈ കഫേ. വെജിറ്റേറിയന്‍ വിഭവങ്ങളാണ് പ്രത്യേകത. സ്ഥാപനത്തിന്റെ നേരെ എതിരെ റോഡിനപ്പുറം മറ്റൊരു അടുക്കള കൂടി ഇവര്‍ക്കുണ്ട്.
വലിയ ശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തില്‍ ഹോട്ടലിലെ ചില്ലുകളടക്കം പൊട്ടിച്ചിതറി. പല സാധനങ്ങള്‍ക്കും കേടുപാടുകളും സംഭവിച്ചു. അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ കടകള്‍ പൊലീസ് അടപ്പിച്ചു. അശ്വിന്‍ ദീപക് എന്ന യുവാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ നിരവധി ആളുകളാണ് ദിവസവും ഭക്ഷണം കഴിക്കാനെത്താറുള്ളത്. സ്‌ഫോടന സമയത്ത് ചായ കുടിക്കാന്‍ എത്തിയ യുവതി മാത്രമാണ് കടയിലുണ്ടായത്.
സ്റ്റേഡിയത്തിലെ കടകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കും.കലൂര്‍ സ്റ്റേഡിയത്തിലെ കടമുറികളില്‍ ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ചുള്ള പാചകം വിശാല കൊച്ചി വികസന അതോറിട്ടി നിരോധിച്ചു. ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് അതില്‍നിന്നുള്ള നീരാവികൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് സ്റ്റീമര്‍. അതിവേഗം പാചകം ചെയ്യാനാകും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് കടയുടമയ്‌ക്കെതിരെ കേസെടുത്തത്. മരിച്ച സുമിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചൂട് വെള്ളം വീണ് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തിരുന്നു.അതീവഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരെ രണ്ടു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചത്.വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Leave feedback about this