തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴക്കെടുതിയില്‍ 10 പേര് വിവിധ സംഭവങ്ങളിലായി മരണപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നഗര ഗ്രാമ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. 150 ല്‍പരം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2000ല്‍പരം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണത് റോഡ് ഗതാഗതത്തെയും ട്രെയിന്‍ സര്‍വീസിനെയും സാരമായി ബാധിച്ചു. ട്രെയിന്‍ ഗതാഗതം താറുമാറാകുകയും പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നു.
തിരുവനന്തപുരത്ത് ശക്തമായ കാറ്റിൽ മരം വീണ് മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. പേരൂർക്കട എസ്എപി ക്യാമ്പിലെ ഒരു ട്രെയിനിക്കും ഹവിൽദാർ, എസ്ഐ എന്നിവർക്കാണ് പരിക്ക് പറ്റിയത്. മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി.
തീരപ്രദേശങ്ങളിൽ കടല്‍ക്ഷോഭം രൂക്ഷമാണ്. വെള്ളിയാഴ്ച വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് രണ്ട് വള്ളങ്ങളിലായി പോയ ഒമ്പതു തൊഴിലാളികൾക്കായി കോസ്റ്റ്ഗാര്‍ഡും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നുണ്ട്.