കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും ആത്മഹത്യ കേസിൽ പ്രതി നോബി ലൂക്കോസിനെ കസ്റ്റഡിയിൽ വിട്ടു. നോബി ലൂക്കോസിൻ്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടപടി. ഏറ്റുമാനൂർ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്.
കേസിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടരന്വേഷണത്തിന് ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രതിയെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആത്മഹത്യാ പ്രേരണ കൃത്യമായി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരും ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായി ആണെന്ന വിവരം പുറത്ത് വന്നു. ഷൈനി വായ്പയെടുത്ത ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചടവ് മുടങ്ങിയപ്പോൾ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവർ കൈയൊഴിഞ്ഞു എന്നാണ് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു പറയുന്നത്.
Leave feedback about this