കണ്ണൂർ: എട്ടുവയസുകാരിയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. ചെറുപുഴ പ്രാപ്പൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന ജോസ് എന്ന മാമച്ചനെതിരെയാണ് പൊലീസ് നടപടി. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസിന്റെ നിർദേശപ്രകാരം ചെറുപുഴ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂർ റൂറൽ പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ അറിയിച്ചു. ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താൻ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നിർദേശം നൽകുകയും ചെയ്തു.
വീഡിയോയിൽ, പിതാവ് മകളെ മുടിയിൽ പിടിച്ച് നിലത്തടിക്കുകയും ചുമരിലിടിക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്നു. അരിവാളുമായി വെട്ടാൻ ഓങ്ങുമ്പോൾ കുട്ടി ‘അച്ഛാ, എന്നെ തല്ലല്ലേ’ എന്ന് കരഞ്ഞ് വിളിക്കുന്നതും ‘അമ്മേ, പേടിയാകുന്നു, ഒന്ന് വാ’ എന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് ജോസിനുള്ളത്. ഇതിൽ പന്ത്രണ്ടുവയസുകാരനായ സഹോദരനാണ് മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അകന്നു കഴിയുന്ന ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് ജോസിന്റെ വിശദീകരണം. എന്നാൽ, ഇത് പ്രാങ്ക് അല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രാങ്ക് ആണെങ്കിലും അല്ലെങ്കിലും കർശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു