കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ല സമ്മേളനത്തില്‍ പിപി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി. അവനവന് ചെയ്യുന്നതിന്റെ ഫലം അവനവന് തന്നെ അനുഭവിക്കണമെന്നും സംഭവത്തില്‍ ദിവ്യക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കെ പുലര്‍ത്തേണ്ട ജാഗ്രത ഉണ്ടായില്ലെന്നും നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ല ഘടകം സ്വീകരിച്ച നിലപാടുകളില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പിപി ദിവ്യ നടത്തിയ പരാമര്‍ശം ന്യായീകരിക്കാനാവാത്തതാണെന്ന് കണ്ണൂര്‍ ജില്ല സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും വിമര്‍ശനമുണ്ട്.
അതിനിടെ എഡിഎം നവീന്‍ ബാബുവിനെതിരായ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ദിവ്യക്കെതിരായ നടപടി മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്ന വിമര്‍ശനമാണ് ഒരു വിഭാഗം ഉയര്‍ത്തിയത്. ദിവ്യക്കെതിരായ ജില്ല ഘടകത്തിന്റെ നടപടി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തലശ്ശേരി ഏരിയ പ്രതിനിധികള്‍ ആരോപിച്ചു.
അതേസമയം സിപിഎം കണ്ണൂര്‍ ജില്ല സമാപന സമ്മേളനം തളിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ന് പുതിയ ജില്ല ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
Leave feedback about this