30 ലിറ്റർ മുലപ്പാൽ ദാനം ചെയ്യുന്നതിലൂടെ ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയാവുകയാണ് ഇന്ത്യയുടെ ബാറ്റ്മിന്റൺ താരം ജ്വാല ഗുട്ട. സിനിമ നടനും നിർമാതാവും കൂടിയായ വിഷ്ണു വിശാലുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ജ്വാല അമ്മയാകുന്നത്. ഇന്ത്യയിൽ മുലപ്പാലിന്റ അഭാവം അനുഭവിക്കുന്ന വിശക്കുന്ന കുരുന്നുകൾക്കായി മുലപ്പാൽ സംഭരണ യജ്ഞത്തിലേക്ക് മുലപ്പാൽ നൽകിയാണ് താരം വാർത്തകളിൽ നിറയുന്നത്.
സർക്കാർ ആശുപത്രിയിൽ തുടരുന്ന കുരുന്നുകളുടെ വിശപ്പകറ്റാനാണ് താരം ഈ സത്പ്രവർത്തി ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായിട്ടാണ് ഈ നീക്കമെന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “മുലപ്പാൽ ജീവൻ രക്ഷിക്കുന്നു. അകാല ജനനം മുതൽ രോഗികളായ കുഞ്ഞുങ്ങൾക്കും ഇത് ഉപകാരപ്പെടുമെന്നും നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഒരു ഹീറോ ആകാമെന്നും മുലപ്പാൽ ബാങ്കുകളെ പിന്തുണയ്ക്കുകയെന്നും താരം കുറിച്ചു. 2021 ഏപ്രിൽ 22 നാണ് ജ്വാലയും വിഷ്ണുവും വിവാഹിതരാകുന്നത്. നാല് വർഷങ്ങൾക്ക് ശേഷം വിവാഹ വാർഷികത്തിലാണ് മകൾ മിറ ജനിച്ചത്.