വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 34 മരണം. മിസോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.
മിസോറിയിലാണ് കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്, ഇവിടെ 12 പേർ മരിച്ചു.വെള്ളിയാഴ്ച കൻസാസിൽ ഒരു ഹൈവേയിൽ 50ലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് പേരാണ് മരിച്ചത്. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല.
മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച വൈകുന്നേരം മുതൽ കാലാവസ്ഥ കൂടുതൽ രൂക്ഷമായിട്ടുണ്ട്. അർക്കൻസാസ്, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.