പുതുപ്പള്ളി: സൈബർ അധിക്ഷേപത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍ നൽകിയ പരാതിയിൽ പോലീസ് മൊഴിയെടുത്തു. പൂജപ്പുര പോലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പരാതി നൽകിയതിനുപിന്നാലെ തന്നെ പോലീസ് കേസെടുത്തിരുന്നു. പരാതിക്കു പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണവും സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള അധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടു വിവാദത്തിനു മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം. തിങ്കളാഴ്ച വൈകിട്ടാണ് നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ അച്ചു പരാതി നല്‍കിയത്. അതുവരെ ഒട്ടേറെ അധിക്ഷേപ പോസ്റ്റുകളിട്ട നന്ദകുമാര്‍ പരാതിക്ക് പിന്നാലെ മാപ്പപേക്ഷയുമായി ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ച തെറ്റിനു നിരുപാധികം മാപ്പപേക്ഷിക്കുന്നൂവെന്നുമാണ് നന്ദകുമാര്‍ പറയുന്നത്. തിരുവനന്തപുരത്ത് താമസിക്കുന്ന നന്ദകുമാര്‍ ആരോഗ്യവകുപ്പില്‍നിന്ന് അഡീഷനല്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. സര്‍വീസിലിരിക്കുമ്പോഴും ഇപ്പോഴും സജീവ ഇടതു സംഘടനാ പ്രവര്‍ത്തകനാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമാ തോമസിനെതിരെയും അധിക്ഷേപ പോസ്റ്റുകളിടുകയും യുഡിഎഫ് പരാതി നല്‍കുകയും ചെയ്തിരുന്നു.