യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വന്ന ഡൊമിനിക് മാര്‍ട്ടിന്റെ പ്രവൃത്തിയില്‍ ആദ്യം സംശയം തോന്നിയപോലീസ് പിന്നീട് കുറ്റം ചെയ്തത് ഇയാള്‍ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുവ്‌നു. എന്നാല്‍ ഇയാള്‍ സ്വയമോ സംഭവത്തിന്റെ തെളിവുകള്‍ ഉള്‍പ്പെടെ നിരത്തി മൊഴിനല്‍കിയതോടെ സംശയങ്ങള്‍ ഇരട്ടിച്ചിരിക്കുകയാണ്.
അതേസമയം ഡൊമനിക്കിന്റെ നടപടി അറിഞ്ഞ് ഞെട്ടുകയാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം. അത്തമൊരു ക്രൂരത മാര്‍ട്ടിന്‍ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല എന്നാണ് ലഭിക്കുന്നവിവരം. എന്തിനേറെ പറയുന്നു കൂടെ താമസിച്ചുവന്ന ഭാര്യയ്ക്ക് പോലും ഇതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
പടക്കക്കടയില്‍നിന്നു വാങ്ങിയ വെടിമരുന്നുപയോഗിച്ച്, റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന, വന്‍ സ്‌ഫോടനമുണ്ടാക്കാവുന്ന ഒരു ബോംബ് നിര്‍മിക്കാന്‍ മാര്‍ട്ടിനെപോലെ ഒരു സാധാരണക്കാരന് സാധിക്കുമോ? എന്നതാണ് അതില്‍ ആദ്യത്തേത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത് ഡൊമിനിക് ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തത് എന്നാണ്.
ഫോര്‍മാനായതിനാല്‍ സാങ്കേതിക കാര്യങ്ങളില്‍ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നാണ് മാര്‍ട്ടിന്‍ മൊഴി നല്‍കിയത്. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നുംഡൊമിനിക് മൊഴി നല്‍കി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.
അതേസമയം തമ്മനം ജങ്ഷനുസമീപം ഫെലിക്‌സ് റോഡില്‍ ഒരു വീടിന്റെ രണ്ടാംനിലയില്‍ അഞ്ചുവര്‍ഷത്തിലേറെയായി വാടകയ്ക്ക് താമസിക്കുകയാണ് മാര്‍ട്ടിന്‍ ഡൊമനിക്. ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഭാര്യയെ തട്ടിവിളിച്ച് പോകുകയാണെന്നുപറഞ്ഞ് ഇറങ്ങുകയായിരുന്നു മാര്‍ട്ടിന്‍. എവിടേക്കാണെന്ന് വ്യക്തമായി പറഞ്ഞില്ല. ഭാര്യയും ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്ന മകളുമാണ് ഒപ്പമുള്ളത്. മകന്‍ ഇംഗ്ലണ്ടിലാണ് പഠിക്കുന്നത്.
എളംകുളം വേലിക്കകത്ത് വീട്ടിലെ ഏഴുമക്കളില്‍ ഇളയ ആളാണ് മാര്‍ട്ടിന്‍. പത്താംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെന്നാണ് ഭാര്യ പ്രദേശവാസികളോട് പറഞ്ഞത്. ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും. യഹോവയുടെ സാക്ഷി എന്ന വിശ്വാസസമൂഹത്തോടൊപ്പമായിരുന്നു മാര്‍ട്ടിനും കുടുംബവും. എന്നാല്‍, നാലഞ്ചുവര്‍ഷമായി അവരില്‍നിന്ന് അകന്നു. ഭാര്യയും മക്കളുമൊക്കെ ഈ വിശ്വാസത്തില്‍നിന്ന് അകന്നിരുന്നു. മറ്റേതെങ്കിലും വിശ്വാസസമൂഹത്തോടൊപ്പം ചേര്‍ന്നിരുന്നില്ല.