loginkerala breaking-news ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രസിഡന്റായി രൺജി പണിക്കർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ജി.എസ് വിജയൻ സെക്രട്ടറിയും
breaking-news Kerala

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രസിഡന്റായി രൺജി പണിക്കർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ജി.എസ് വിജയൻ സെക്രട്ടറിയും

കൊച്ചി : ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ രൺജി പണിക്കർ (പ്രസിഡന്റ് ), ജിഎസ് വിജയൻ (ജന. സെക്രട്ടറി), ഷിബു ഗംഗാധരൻ (ട്രഷറർ), റാഫി, വിധു വിൻസെന്റ് (വൈസ് പ്രസിഡന്റുമാർ ) ബൈജുരാജ് ചേകവർ , അജയ് വാസുദേവ് (ജോ. സെക്രട്ടറിമാർ)
സോഫിയ ജോസ് (കമ്മറ്റിയംഗം) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. കലൂർ റിന്യൂവൽ സെന്ററിൽ ഇന്നലെ നടന്ന തെരെഞ്ഞെടുപ്പിൽ 398 പേർ വോട്ടു രേഖപ്പെടുത്തി.

സോഹൻ സീനുലാൽ,സലാം ബാപ്പു, ജൂഡ് ആന്തണി ജോസഫ് ,ഷിബു പരമേശ്വരൻ,മനോജ് അരവിന്ദാക്ഷൻ, അനുരാജ് മനോഹർ, വി സി അഭിലാഷ് ,ഗിരീഷ് ദാമോദർ ,ജോജു റാഫേൽ ,വിഷ്ണു മോഹനൻ, നിതിൻ എം എസ് ,ടോം ഇമ്മട്ടി ,വിജീഷ് സി ആർ ,എന്നിവർ കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളെയും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭിനന്ദിച്ചു . പൊതുയോഗത്തിൽ അവതരിപ്പിച്ച 23 പേജുള്ള സംഘടനാ റിപ്പോർട്ട് ഇന്ത്യയിലെ മറ്റൊരു ഡയറക്‌ടേഴ്‌സ് യൂണിയനും അവകാശപ്പെടാനാവാത്തതാണെന്ന് ചലച്ചിത്ര പ്രവർത്തകരുടെ അഖിലേന്ത്യാ കോൺഫെഡറേഷനായ ഐഫക്കിന്റെ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു .

21 അംഗ നിർവ്വാഹക സമിതിയിൽ ഒരു വനിത വൈസ് പ്രസിഡന്റ് അടക്കം 12 പുതുമുഖങ്ങൾ ഉള്ളത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ പറഞ്ഞു. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും പൊതുയോഗവും തിരഞ്ഞെടുപ്പും വലിയ വിജയമായതിൽ പ്രസിഡന്റ്‌ രൺജി പണിക്കർ അംഗങ്ങളോട് നന്ദി അറിയിച്ചു. പുതിയ പദ്ധതികളും ഉത്തരവാദിത്തങ്ങളുമായി സംഘടനയെ മുന്നോട്ട് നയിക്കാൻ എല്ലാ കമ്മിറ്റി അംഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് പുതിയ നിർവ്വാക സമിതിയുടെ പ്രഥമ യോഗത്തിൽ ജനറൽ സെക്രട്ടറി ജി എസ്‌ വിജയൻ പറഞ്ഞു. ജോഷി , ഭദ്രൻ മാട്ടേൽ , സത്യൻ അന്തിക്കാട് , കെ മധു , ഷാജി കൈലാസ് , അൻവർ റഷീദ് , ബേസിൽ ജോസഫ് തുടങ്ങി എല്ലാ തലമുറയിലും ഉൾപ്പെട്ട സംവിധായകരുടെ സജീവമായ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ തിരഞ്ഞെടുപ്പ്.

Exit mobile version