loginkerala archive ഗവര്‍ണറുടെ കൈയ്യടി നേടി പറക്കും മനുഷ്യന്‍; ശ്രദ്ധേയമായി ജെറ്റ് സ്യൂട്ട് പ്രദര്‍ശനം
archive Technology

ഗവര്‍ണറുടെ കൈയ്യടി നേടി പറക്കും മനുഷ്യന്‍; ശ്രദ്ധേയമായി ജെറ്റ് സ്യൂട്ട് പ്രദര്‍ശനം

കൊച്ചി; ഏതൊരു മനുഷ്യന്റേയും മോഹമാണ് പറക്കാന്‍ കഴിയുക എന്നത്. അതിന് വേണ്ടി പലശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ നിന്നും ഒരാള്‍ പറന്നുപോയപ്പോള്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും കൈയടിച്ച് അഭിനന്ദിച്ചു.

സൈബര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി അവതരിപ്പിച്ച ജൈറ്റ് സ്യൂട്ട് പ്രദര്‍ശനമാണ് ഗവര്‍ണറെപ്പോലെ കാണികളേയും അത്ഭുതപ്പെടുത്തിയത്. ഗ്രാവിറ്റി ജൈറ്റ് സ്യൂട്ട് പൈലറ്റ് പോള്‍ റോബോര്‍ട്ട് ജോണ്‍സ് തന്റെ അഞ്ഞൂറ്റി ഇരുപത്തിയേഴാമത്തെ പറക്കല്‍ നടത്തിയ കൊച്ചിയിലെ  ഗ്രാന്റ് ഹയാത്ത് ഹോട്ടല്‍ ഗ്രൗണ്ടില്‍ നിന്നായിരുന്നു. ഗവര്‍ണറും വിശിഷ്ടാതിഥികളും, കാണികളും നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഗ്രാവിറ്റി സ്യൂട്ട് അണിഞ്ഞു ഗ്രൗണ്ടില്‍ എത്തിയ പോള്‍ ഗവര്‍ണര്‍ ഉള്‍പ്പടെ എല്ലാവരേയും അഭിവാദ്യം ചെയ്തു. പിന്നീട് പറന്നു ഉയര്‍ന്നു. തൊട്ടടുത്ത കായലിന് മുകളില്‍ കൂടെ അടുത്ത് കണ്ട പാലത്തിന് സമീപം എത്തി. അവിടെ കാഴ്ചക്കാരായി നിന്നവര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് വീണ്ടും തിരികെ കായലിന്റെ മുകളിലൂടെ ഗ്രൗണ്ടിലേക്ക് എത്തിയപ്പോള്‍ കാണികള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം, യുദ്ധമുഖം എന്നി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനും, സഹായിക്കുന്നതിനും പ്രയോജനകരമായ രീതിയില്‍ 2017 ല്‍ ആണ് ഗ്രാവിറ്റി ഇന്‍ഡസ്ട്രിയല്‍ ജെറ്റ് സ്യൂട്ട് പുറത്തിറക്കിയത്. ഗ്രാവിറ്റിയുടെ സഹായത്തോടെ മണിയ്ക്കൂറില്‍ 80 മൈല്‍ വരെ വേഗത്തില്‍ ഇതില്‍ പറക്കാനാകും.

ആഗോള സുഗന്ധവ്യഞ്ജന സംസ്‌കരണ കയറ്റുമതി മേഖലയിലെ മുന്‍നിരക്കാരായ സിന്തറ്റിക് ഗ്രൂപ്പ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍ വികസനത്തിന് വേണ്ടി നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് ജെറ്റ് സ്യൂട്ട് ടീമിനെ കൊക്കൂണിലേക്ക് സ്‌പോണ്‍സര്‍ ചെയ്തത്.

 

Exit mobile version