എം.എസ്.
തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ആറ്റുകാൽ പൊങ്കാല. ദേവീയോടുള്ള ഭക്തി പൊങ്കാലയായി സമർപ്പിച്ച് ക്ഷേത്ര പരിസരത്ത് പൊങ്കാലയിട്ടത് ലക്ഷങ്ങളാണ്. ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് 25 ലക്ഷം സ്ത്രീകൾ പൊങ്കാലയർപ്പിക്കുന്നത്. ഇത്തവണ കഴക്കൂട്ടം വരെയാണ് പ്രധാനമായി പൊങ്കാല അടുപ്പുകൾ ഒരുക്കിയത്. കിള്ളിയാറിന്റേയും കരമനയാറിന്റേയും വടക്ക് ഭാഗം തുടങ്ങി, കഴക്കൂട്ട കൊച്ചുവേളി, മണ്ണന്തല വട്ടപ്പാറ വരെയുള്ള പ്രദേശങ്ങളിലേക്ക് പൊങ്കാല അടുപ്പുകൾ ഒരുങ്ങി. അഗ്നിശമന സേനയും പോലീസും, മെഡിക്കൽ സജ്ജീകരണങ്ങളും അടക്കം സർവ സന്നാഹങ്ങളും ഒരുക്കിയാണ് തിരുവനന്തപുരം നഗരസഭയും ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
മുൻ വർഷങ്ങളിലേക്കാൾ ഈ വർഷം ഭക്തജനങ്ങളിൽ വർധനവുണ്ടായെന്നതും പ്രത്യേക്തയാണ്. ആറ്റുകാൽ ക്ഷേത്രം, സെക്രട്ടറിയേറ്റ് പരിസരം, പൊലീസ് സ്റ്റേഷൻ പരിസരം തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊങ്കാലക്കലങ്ങളാൽ നിറഞ്ഞ് കഴിഞ്ഞു. മാത്രമല്ല എല്ലാത്തവണയും പോലെ ഇത്തവണയും കന്റോൺഡമെന്റ് , മ്യൂസിയം പോലീസ് സ്റ്റേഷനുകളിൽ വനിതാ പൊലീസുകാർ ദേവിക്ക് പൊങ്കാല നേദ്യം അർപ്പിച്ചിട്ടുണ്ട്.
രാവിലെ 10: 30ന് പണ്ഡാര അടുപ്പിലേക്ക് തീ പകർന്നതോടെയാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തി സാന്ദ്രമായ തുടക്കമിട്ടത്. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു.ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകർന്നു. ഇതോടെയാണ് ആറ്റുകാൽ പൊങ്കാലയക്ക് ഭക്തി സാന്ദ്രമായ തുടക്കം കുറിച്ചത്.
ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും.