മാതൃദിനത്തില്‍ ലുലു മാളിലെ കാഴ്ചകളില്‍ മനം നിറഞ്ഞ് ഗാന്ധിഭവനിലെ അമ്മമാര്‍

തിരുവനന്തപുരം- മാതൃദിനം, ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് ജീവിതത്തിലെ മറക്കാനാവാത്ത ദിനം സമ്മാനിച്ച് ലുലു മാള്‍. മാളിന്റെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ നൂറോളം അമ്മമാരെയാണ് ലുലു മാളിലെത്തിച്ചത്.
രാവിലെ ലുലു മാളിലെത്തിയ അമ്മമാരെ സ്വന്തം മക്കളുടെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് വരവേറ്റത് മാള്‍ ജീവനക്കാര്‍ തന്നെയായിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പത്തനാപുരത്തൊരുക്കിയ സ്‌നേഹത്തണലിലെ അതേ സുരക്ഷിത ബോധത്തോടെ അമ്മമാര്‍ ഓരോരുത്തരും ലുലു മാളിലൂടെ നടന്നു. മാളില്‍ പ്രത്യേകമായി സജ്ജമാക്കിയിരുന്ന ബഗ്ഗിയിലും, ടോയ് ട്രെയിനിലും യാത്ര ചെയ്ത് മാളിലെയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെയും കാഴ്ചകള്‍ കണ്ടായിരുന്നു തുടക്കം. മാളിലെ ശുചിമുറികളടക്കം അമ്മമാര്‍ക്ക് ഉപയോഗിക്കാന്‍ മാത്രമായി ക്രമീകരിച്ചിരുന്നു.
പിന്നീട് മാളിലെ തീയറ്ററില്‍ ഒരുക്കിയ പ്രത്യേക സിനിമ പ്രദര്‍ശനം കാണാന്‍ കുഞ്ഞുങ്ങളുടെ ആവേശത്തോടെ അമ്മമാരെത്തി. എല്ലാവര്‍ക്കുമായി ലഘുഭക്ഷണം തീയറ്ററില്‍ ഒരുക്കിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ എത്തിയ അമ്മമാരെ സ്വീകരിച്ചത് മാതൃദിനാശംസകളും സമ്മാനങ്ങളുമാണ്. അമ്മമാര്‍ ചേര്‍ന്ന് കലാ പരിപാടികള്‍ കൂടി അവതരിപ്പിച്ചതോടെ മാളില്‍ ഒരു നിമിഷം ആഘോഷാന്തരീക്ഷമായി.
അമ്മമാര്‍ക്കൊപ്പം വേറിട്ട മാതൃദിനാഘോഷം സംഘടിപ്പിച്ച ലുലു മാളിനെ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അഭിനന്ദിച്ചു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ അടക്കമുള്ളവരും അമ്മമാര്‍ക്ക് മാതൃദിനാശംസകള്‍ നേര്‍ന്നു.
മാളിലെ കാഴ്ചകള്‍ കണ്ടും, സംഗീതം ആസ്വദിച്ചും, ഒരുമിച്ച് ഭക്ഷണം കഴിച്ചും, സിനിമ കണ്ടും ഒരു ദിനം കടന്ന് പോയത് അമ്മമാര്‍ അറിഞ്ഞില്ല. വൈകുന്നേരത്തോടെ ഗാന്ധിഭവനിലേയ്ക്ക് എല്ലാവരും മടങ്ങി. അമ്മമാര്‍ക്കൊപ്പം വിവിധ ഗാന്ധിഭവനുകളിലെ അന്തേവാസികളായ കുട്ടികളും ലുലു മാളില്‍ എത്തിയിരുന്നു.