ആര്‍ക്കുംവേണ്ടാതെ റംബൂട്ടാന്‍; നിപ വില്ലനായത് റംബൂട്ടാന്‍ കര്‍ഷകര്‍ക്കും

കഴിഞ്ഞദിവസം കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ ബാധയുണ്ടായത് വവ്വാലിന്റെ സ്രവംപുരണ്ട റംബൂട്ടാന്‍ കഴിച്ചതിലൂടെയാണെന്ന് സംശയമുയര്‍ന്നതോടെയാണ് റംബൂട്ടാന് ആവശ്യക്കാര്‍ കുറഞ്ഞത്.

തിരുവനന്തപൂരം: വിളവെടുപ്പ് കാലത്തും റംബൂട്ടാന്‍ കര്‍ഷകര്‍ക്ക് തിരിച്ചടി. കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ചതോടെ റംബൂട്ടാന് വിപണിയില്‍ വിലകുറയുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ ബാധയുണ്ടായത് വവ്വാലിന്റെ സ്രവംപുരണ്ട റംബൂട്ടാന്‍ കഴിച്ചതിലൂടെയാണെന്ന് സംശയമുയര്‍ന്നതോടെയാണ് റംബൂട്ടാന് ആവശ്യക്കാര്‍ കുറഞ്ഞത്.

വഴിയരികിലും പഴക്കടകളിലുമെല്ലാം ചുളിവില്‍ വിറ്റഴിഞ്ഞിരുന്ന റംബൂട്ടാന്‍ ഇപ്പോള്‍
ആര്‍ക്കുംവേണ്ടാതായ സ്ഥിതിയിലാണ്. ഒരാഴ്ച മുന്‍പ് വരെ വിപണിയില്‍ സജീവമായിരുന്നു റമ്ബൂട്ടാന്‍. കിലോക്ക് 250-300 രൂപവരെ വിപണിയില്‍ വിലയുണ്ടായിരുന്ന പഴമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വിളവെടുപ്പുകാലം തുടങ്ങിയപ്പോള്‍മുതല്‍ കര്‍ഷകന് മികച്ച വിലയും കിട്ടിത്തുടങ്ങിയിരുന്നു.

എന്നാല്‍ നിപ്പയുടെ ഭീതിയില്‍ ഒറ്റയടിക്ക് നൂറുരൂപക്ക് പോലും വാങ്ങാനാളില്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് റംബൂട്ടാന്‍. ജില്ലയുടെ മലയോര മേഖലയില്‍ നിരവധി കര്‍ഷകര്‍ റംബൂട്ടാന്‍ കൃഷി ചെയ്യുന്നുണ്ട്. വിലയിടിവില്‍ ആശങ്കാകുലരാണിവര്‍.

അതേസമയം അനാവശ്യമായ ഭയം ഒഴിവാക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാര്‍. റംബൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത് ആരോഗ്യത്തിന് നല്ലതാണ്. നല്ല രീതിയില്‍ എല്ലാവരും സൂക്ഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.