24 C
Kochi
Tuesday, December 7, 2021

കല്‍പ്പന ചൗളയ്ക്കും സുനിതാ വില്യംസിനും പിന്‍ഗാമിയായി സിരിഷയെത്തുമ്പോള്‍

Must read

ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ

 

ഹൂസ്റ്റണ്‍:കല്‍പന ചൗളയുടെയും സുനിത വില്യംസിന്റേയും പിന്‍ഗാമിയായി ലോകത്തിന് മറ്റൊരു നേട്ടം കൂടി ലഭിച്ചിരിക്കുകയാണ്. സിരിഷ ബാന്‍ഡല എന്ന ഇന്ത്യന്‍ വംശജയാണ് ആ നേട്ടത്തിന് പിന്നില്‍. സിരിഷ ബാന്‍ഡലയുടെ ആഗ്രഹ സഫലീകരണത്തിനായി ലോകം മുഴുവന്‍ കൂടെ നിന്ന ദിവസമായിരുന്നു ഇന്നലെ. ഒരു കാര്യം നാം അതിയായി ആഗ്രഹിച്ചാല്‍ അത് നിറവേറ്റാന്‍ ഈ ലോകം മുഴുവന്‍ നമുക്കൊപ്പം നില്‍കുമെന്ന് ആല്‍ക്കെമിസ്റ്റ് പറഞ്ഞത് അര്‍ത്ഥവത്തായത് പോലെ ലോകം സാക്ഷിയായ ദിവസം.

ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ.

34-കാരിയായ ബാന്‍ഡ്‌ല ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. വളര്‍ന്നത് യുഎസിലെ ഹൂസ്റ്റണിലാണ്. സിരിഷ ബാന്‍ഡ്‌ല തന്റെ നാലാം വയസിലാണ് യുഎസിലെത്തിയത്. 2011-ല്‍ പാര്‍ഡ്യൂ സര്‍വകലാശാലയിലെ എയ്‌റോനോട്ടിക് ആന്‍ഡ് ആസ്‌ട്രോനോട്ടിക്‌സില്‍ നിന്ന് സയന്‍സ് ബിരുദം നേടി. 2015-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

Andhra Girl Sirisha Bandla to fly into space On Virgin Galactic spacecraft

നാസയില്‍ ബഹിരകാശ യാത്രികയാകാന്‍ ബാന്‍ഡ്‌ല ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം തുടര്‍ന്ന് പൈലറ്റാകാനും ബഹിരാകാശ യാത്രികയാകാനുമുള്ള ആഗ്രഹം നിറവേറ്റാനായില്ല. ഇതിനിടെ പാര്‍ഡ്യൂ സര്‍വകലാശാലയില്‍ ആയിരിക്കുമ്പോഴാണ് ഒരു പ്രൊഫസര്‍ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറയുന്നത്. തുടര്‍ന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ചേര്‍ന്ന് ഈ നേട്ടം കൈവരിച്ചത്.

റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ആയിട്ടാണ് സിരിഷ ബഹിരാകാശ സംഘത്തിലുണ്ടായിരുന്നത്. ഇതോടെ കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ വംശജയായി മാറി സിരിഷ. വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ മാത്രമാണ് ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍ പൗരന്‍. 1984-ല്‍ സോവിയറ്റ് ഇന്റര്‍കോസ്‌മോസ് പദ്ധതിയുടെ ഭാഗമായി സോയൂസ് ടി-11-ലാണ് രാകേഷ് ശര്‍മ ബഹിരാകാശം തൊട്ടത്.

ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതില്‍നിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര.8.55ന് പേടകം വാഹിനിയില്‍നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തില്‍നിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്.

 

നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കല്‍പന ചൗളയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് അഞ്ച് സഹഗവേഷകര്‍ക്കൊപ്പം അവള്‍ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. ഇന്ത്യയില്‍ ജനിച്ചവരില്‍ കല്‍പനയ്ക്കു മുമ്പ് രാകേഷ് ശര്‍മ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാല്‍ അമേരിക്കന്‍ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കല്‍പന ചരിത്രം കുറിച്ചത്. രാകേഷ് ശര്‍മ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.

ആദ്യയാത്രയില്‍ 375 മണിക്കൂറുകളോളം കല്‍പന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈല്‍ ദൂരം താണ്ടി. ഇതിനിടയില്‍ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്കായി നാസ വികസിപ്പിച്ച സ്പാര്‍ട്ടന്‍ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവര്‍ നിയുക്തയായി.

കൊളംബിയ ദുരന്തം നടക്കുമ്പോള്‍ വെറും നാല്‍പതു വയസ്സായിരുന്നു കല്‍പന ചൗളയ്ക്ക്. ഹരിയാനയിലെ കര്‍ണാലില്‍ ജനിച്ച കല്‍പന ബിരുദം നേടിയത് പഞ്ചാബ് എന്‍ജിനീയറിങ് കോളജില്‍ നിന്നാണ്. തുടര്‍ന്ന് യുഎസിലേക്കു കുടിയേറിയ കല്‍പന എണ്‍പതുകളില്‍ അവിടത്തെ പൗരത്വം നേടി. 1988ല്‍ കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും നേടി.

1994ലാണ് ബഹിരാകാശയാത്രികയ്ക്കുള്ള പരിശീലനം കല്‍പനയ്ക്ക് ലഭിച്ചത്. 1997ല്‍ അന്നത്തെ ഒരു കൊളംബിയ ദൗത്യത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര ചെയ്തു. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത.

ബഹിരാകാശ യാത്ര ഒരു വികാരമായിരുന്നു കല്‍പനയ്ക്ക്. ചന്ദ്രനില്‍ ഒരു കാലത്തെത്തണമെന്ന് അവര്‍ സ്വപ്നം കണ്ടു. എന്നാല്‍ ആ സ്വപ്നങ്ങളെല്ലാം ബാക്കിവച്ച് രണ്ടാം ദൗത്യത്തില്‍ അനശ്വരതയിലേക്കു മടങ്ങാനായിരുന്നു കല്‍പനയുടെ വിധി.

Kalpana Chawla, USA - How Kalpana Chawla, Sunita Williams & Other Women Across The World Fared In Space | The Economic Times

2006 ഡിസംബര്‍ 9ന് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ ആയിരുന്നു സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടത്. STS-116 എന്ന് പേരു നല്കിയിരുന്ന ഈ സംഘം പതിനാലാമത് പര്യവേക്ഷണസംഘത്തില്‍ ചേര്‍ന്നു. പിന്നീട് ഈ സംഘത്തിലെ റഷ്യന്‍ അംഗങ്ങള്‍ മാറി പുതിയവര്‍ വന്നതോടെപതിനഞ്ചാംപര്യവേക്ഷണസംഘമായപ്പോള്‍ സുനിത അതിലും അംഗമായി. 2007 ജനുവരി 31ന് അവര്‍ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളില്‍ രണ്ടു നടത്തങ്ങള്‍ കൂടി. ഒമ്പതു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു പ്രാവശ്യമായി ഇവര്‍ 6മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവര്‍ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകശത്തു നടന്ന് പുതിയ റെക്കോര്‍ഡിനുടമയായി മാറി.

More articles

Latest article