വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; യുവതിക്ക് നഷ്ട്ടമായത് മൂന്ന് ലക്ഷത്തോളം രൂപ

തുടക്കത്തില്‍ കുറച്ചു പണം സമ്മാനമായി ലഭിച്ചുവെങ്കിലും പിന്നീട് ഒന്നും ലഭിക്കാതെയായി എന്ന് യുവതി പറഞ്ഞു. ആകെ 3.11ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ നഷ്ടമായതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

മുംബൈ്: വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ച് വരുന്നതിനാല്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍. വാട്സാപ്പ് വഴി മുംബയിലെ യുവതിയില്‍ നിന്നും തട്ടിപ്പുകാര്‍ തട്ടിയെടുത്തത് മൂന്ന് ലക്ഷത്തോളം രൂപ. ഒരു പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റിന്റെ പ്രചാരണത്തിനു വേണ്ടി നടത്തുന്ന മത്സരം എന്ന വ്യാജേനയാണ് യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്.

യുവതി പൊലീസിനു നല്‍കിയ മൊഴി അനുസരിച്ച് തട്ടിപ്പുകാര്‍ വാട്സാപ്പ് വഴി ഒരു ലിങ്ക് അയച്ച ശേഷം അതു വഴി പണം അയച്ചാല്‍ സമ്മാനങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞു. ആ ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ 64 രൂപ ക്രെഡിറ്റ് ആയി. ഇതോടെ തട്ടിപ്പുകാരെ പൂര്‍ണമായി വിശ്വസിച്ച യുവതി ആ ലിങ്കിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൂടുതല്‍ തുക അയയ്ക്കുവാന്‍ ആരംഭിച്ചു. തുടക്കത്തില്‍ കുറച്ചു പണം സമ്മാനമായി ലഭിച്ചുവെങ്കിലും പിന്നീട് ഒന്നും ലഭിക്കാതെയായി എന്ന് യുവതി പറഞ്ഞു.

ആകെ 3.11ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ നഷ്ടമായതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഐ പിസി സെക്ഷന്‍ 420 അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.