യുഎസ് ഓപ്പണ്‍ ടെന്നീസ്; ചരിത്രം കുറിച്ച് പുരുഷ കിരീടം നേടി ഡാനില്‍ മെദ്വദേവ്

6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം സ്വന്തമാക്കി ഡാനില്‍ മെദ്വദേവ്. നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്വദേവ് തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടം നേടിയത്. ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് ചരിത്രം കുറിച്ചത്.

കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്. 52 വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റൊഡ് ലെവറിന്റെ കലണ്ടര്‍ ഗ്രാന്‍സ്ലാം എന്ന നേട്ടവും ജോക്കോ കൈവിട്ടു. ജോക്കോ ചരിത്രം കുറിക്കുന്നത് കാണാന്‍ റൊഡ് ലെവറും ഫൈനല്‍ നടന്ന അര്‍തര്‍ ആഷ് സ്റ്റേഡിയത്തിലുണ്ടായിരുന്നു.