വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ ഇത്തവണയും ഭീമന്‍ അത്തപ്പൂക്കളം ഒരുങ്ങി
തൃശൂർ: കുടമാറ്റം വര്‍ണ്ണക്കാഴ്ച്ചയൊരുക്കുന്ന വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ ഇത്തവണയും ഭീമന്‍ അത്തപ്പൂക്കളം ഒരുങ്ങി. തൃശൂര്‍
സായാഹ്ന സൗഹൃദ ക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇത് പതിനാറാം വര്‍ഷമാണ് അത്തപ്പൂക്കളം ഒരുക്കിയത്. 2,000 കിലോ പൂക്കളോടുകൂടെ 60 അടി വ്യാസമുള്ള ഈ പൂക്കളം ആരെയും വിസ്മയിപ്പിക്കും.
2008ലാണ് സായാഹ്ന സൗഹൃദ കൂട്ടായ്മ ആദ്യമായി തെക്കേ ഗോപുരനടയില്‍ അത്തപ്പുക്കളം ഒരുക്കിയത് . അവിടുന്നിങ്ങോട്ട് തുടര്‍ച്ചയായി 16 വര്‍ഷവും ഈ പതിവ് മുടക്കിയിട്ടില്ല. വെള്ളപ്പൊക്കം, കോവിഡ് കാലം എന്നീ മൂന്ന് വര്‍ഷം ചെറുതെങ്കിലും മുടക്കം വരുത്താതെ കൂട്ടായ്മ പൂക്കളമൊരുക്കി. 200ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്‍ച്ചെ 3ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. 2,000 കിലോ പൂക്കളുപയോഗിച്ച് 60 അടി വ്യാസത്തിലാണ് പുക്കളം തീര്‍ത്തത്.