ബഹിരാകാശനിലയത്തില്‍ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനൊരുങ്ങി റഷ്യന്‍ സംഘം.

യാത്രികര്‍ക്കുമാത്രമല്ല താത്പര്യമുള്ള എല്ലാ വ്യക്തികള്‍ക്കും ബഹിരാകാശം ലഭ്യമാകുമെന്ന സന്ദേശം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ആദ്യത്തെ സിനിമാ ചിത്രീകരിക്കാനൊരുങ്ങി റഷ്യന്‍ സംഘം. നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്ലിം ഷിപെന്‍കോ എന്നിവര്‍ അടങ്ങുന്ന സംഘം ഒക്ടോബര്‍ അഞ്ചിനാകും നിലയത്തിലേക്ക് യാത്ര തിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പിന്തുണയുമായി മറ്റ് രണ്ടുപേരും റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഒലെഗ് ആര്‍തെമിയേവുമുണ്ടാകും.

ചലഞ്ച് എന്നാണ് ബഹിരാകാശനിലയത്തില്‍ ആദ്യമായി ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് പേരുനല്‍കിയിരിക്കുന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അറിയിച്ചു. ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താന്‍ നിയോഗിക്കപ്പെടുന്ന വനിതാ സര്‍ജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ. റിപ്പോര്‍ട്ട് ചെയ്യുന്നു. സോയസ് എം.എസ്. 18 റോക്കറ്റാകും സംഘത്തെ നിലയത്തിലെത്തിക്കുക.

ഓഗസ്റ്റ് 31-നാണ് പരീക്ഷണങ്ങള്‍ക്കുശേഷം ഇരുവരെയും ദൗത്യത്തിനായി തിരഞ്ഞെടുത്തത്. യാത്രികര്‍ക്കുമാത്രമല്ല താത്പര്യമുള്ള എല്ലാ വ്യക്തികള്‍ക്കും ബഹിരാകാശം ലഭ്യമാകുമെന്ന സന്ദേശം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.