LogoLoginKerala

ഇനി വാട്‌സാപ്പില്‍ സന്ദേശം അയച്ച ശേഷം എഡിറ്റ് ചെയ്യാം; വാട്‌സപ്പിലുണ്ട് ഒളിഞ്ഞിരിക്കുന്ന എഡിറ്റിംഗ് സൂത്രം

 
whatsap

വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടാവു. മറ്റ് സോഷ്യല്‍ മീഡിയ ആപ്പുള്‍ എത്രതന്നെ ഉണ്ടായാലും മിക്ക ആളുകളും ചാറ്റ് ചെയ്യാനായി ഉപയോഗിക്കുന്നത് വാട്‌സാപ്പ് തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് സന്ദേശം തെറ്റിപ്പോകുന്നത്. അല്ലെങ്കില്‍ അയച്ച സന്ദേശത്തില്‍ നമ്മള്‍ ഉദ്ദേശിച്ച കാര്യം ഉള്‍പ്പെടുത്താന്‍ വിട്ടുപോയത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നാം ചെയ്യുന്നത് സന്ദേശം ഡിലീറ്റ് ചെയ്യുക എന്നതാണ്.

എന്നാല്‍ അയച്ച ശേഷം അതില്‍ തെറ്റുകള്‍ ഉള്ളതായി കണ്ടെത്തുമ്പോള്‍, അല്ലെങ്കില്‍ കുറേക്കൂടി മെച്ചപ്പെട്ട സന്ദേശം അയക്കാമായിരുന്നു എന്ന് തോന്നുമ്പോള്‍, ഇനി അതുമല്ലെങ്കില്‍ അയച്ച സന്ദേശത്തില്‍ നിങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ഉദ്ദേശിച്ചത് മുഴുവന്‍ ഉള്‍ക്കൊള്ളിക്കാനായിട്ടില്ല എന്ന് തോന്നുമ്പോള്‍ എന്നെങ്കിലും ഒരു എഡിറ്റിം ഓപ്ഷന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ അത്തത്തില്‍ ഒരു സൗജന്യം വാട്‌സാപ്പില്‍ ലഭ്യമാകാന്‍ പോവുകയാണ്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്അപ്. എന്നാല്‍, അയച്ചതിനു ശേഷം 15 മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ എഡിറ്റ് ചെയ്തില്ലെങ്കില്‍ പിന്നീട് അതിന് കഴിയില്ല എന്ന് മാത്രം. ഏതായാലും ഈ സൗകര്യം എന്നു മുതല്‍ ലഭ്യമായി തുടങ്ങും എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

അക്ഷരത്തെറ്റുകളും മറ്റ് പിശകുകളും ഒഴിവാക്കുന്നതിനായി, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം വേണമെന്ന് കുറേക്കാലമായി വാട്ട്‌സ്അപ് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. കഴിഞ്ഞവര്‍ഷം, അത്തരത്തിലുള്ള ഒരു സൗകര്യം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് വാട്ട്‌സ്അപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അവസാനം, ആ സൗകര്യവും വന്നു ചേരുകയാണ്.

ഡബ്ല്യൂ എ ബീറ്റഇന്‍ഫോയിലെ സാങ്കേതിക വിദഗ്ധരാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ഫീച്ചര്‍ ഉണ്ടെന്നുള്ളത് കണ്ടെത്തിയത്. ഇതിനു പുറമെ മറ്റു ചില സൗകര്യങ്ങള്‍ കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്. എന്നാല്‍ ഇപ്പോള്‍ എവിടെയാണ് ഈ എഡിറ്റഇംഗ് ഒീപ്ഷന്‍ ഒളിഞ്ഞുകിടക്കുന്നത് എന്നത് സംബന്ധിച്ചുള്ള വിവരം ലീക്കായിരിക്കുകയാണ്. ചോര്‍ന്ന് ലഭിച്ച ഒരു സ്‌ക്രീന്‍ ഷോട്ടുമായാണ് വാട്ട്‌സ്അപ് രഹസ്യമാക്കി വെച്ചിരിക്കുന്ന എഡിറ്റ് ബട്ടന്റെ കാര്യം ഇപ്പോള്‍ ചിലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഉപയോക്താക്കള്‍ ഇതിനകം അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫീച്ചര്‍ ഉപയോഗിച്ച്, അവര്‍ ടെക്സ്റ്റ് തിരഞ്ഞെടുത്ത് കോപ്പിയും ഫോര്‍വേഡും സഹിതം പോപ്പ് അപ്പ് ചെയ്യുന്ന എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ശേഷം എഡിറ്റ് ചെയ്യുക. വാട്ട്സ്ആപ്പിന്റെ വരാനിരിക്കുന്ന ഫീച്ചര്‍ അയച്ച ടെക്സ്റ്റ് സന്ദേശങ്ങളിലെ ടൈപ്പിംഗ് പിശകുകള്‍ പരിഹരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. മറ്റ് ടെക്സ്റ്റ് സന്ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി, എഡിറ്റ് ചെയ്ത വാചകം നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

WABetaInfo യുടെ സ്‌ക്രീന്‍ഷോട്ട് ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പ് ബീറ്റയില്‍ നിന്ന് എടുത്തതാണെന്ന് പറയപ്പെടുന്നു. ഐഒഎസിലും ഡെസ്‌ക്ടോപ്പിലും ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഒരുപക്ഷേ എഡിറ്റ് ചെയ്ത സന്ദേശങ്ങളുടെ മുന്‍ പതിപ്പുകള്‍ പരിശോധിക്കാന്‍ ഒരു എഡിറ്റ് ഹിസ്റ്ററി ഉണ്ടാകില്ല. എന്നാല്‍, ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഫീച്ചര്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് അവരുടെ പ്ലാനുകള്‍ മാറാനും സാധ്യതയുണ്ട്. നിലവില്‍, ഫീച്ചര്‍ ഇപ്പോഴും വികസന ഘട്ടത്തിലാണ്.

അതേസമയം മറ്റൊരു വെബ്‌സൈറ്റ് പറയുന്നത്, ഇത്തരത്തില്‍ എഡിറ്റ് ചെയ്ത സന്ദേശങ്ങളില്‍, അവ എഡിറ്റ് ചെയ്തതാണെന്ന് സൂചിപ്പിക്കുന്ന ലേബല്‍ ഉണ്ടാകും എന്നാണ്. ഇത് ഇപ്പോള്‍ വികസിപ്പിക്കലിന്റെ ആദ്യ ഘട്ടങ്ങളിലാണ് എന്ന് അറിയുന്നു. അതുകൊണ്ടു തന്നെ ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് എന്ന് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. അതേസമയം, ഇതിന്റെ ബീറ്റ വേര്‍ഷന്‍ ലഭ്യമാകുമെന്നും അറിയുന്നു. ഈ സൗകര്യം വേഗത്തില്‍ ലഭ്യമാക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ് ബീറ്റ പ്രോഗ്രാം എന്ന് ചിലര്‍ പറയുന്നു. അതിനായി നിങ്ങള്‍ ആദ്യം വാട്ട്‌സ്അപ് ബീറ്റ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.