LogoLoginKerala

അഗ്രി-ടെക് ഗവേഷണത്തില്‍ സഹകരിക്കാന്‍ സിടിസിആര്‍ഐയും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയും ധാരണാപത്രം ഒപ്പുവച്ചു

 
AGRI

തിരുവനന്തപുരം: കാര്‍ഷികരംഗത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വലിയ ഊന്നല്‍ നല്‍കിക്കൊണ്ട്, രാജ്യത്തെ പ്രമുഖ ഐസിഎആര്‍ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സിടിസിആര്‍ഐ) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വ്വകലാശാലയായ  ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയും (ഡിയുകെ) അഗ്രി-ടെക് ഗവേഷണവുമായി സഹകരിക്കാന്‍ തീരുമാനിച്ചു.  

കാര്‍ഷിക സാങ്കേതിക വിദ്യകളില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള കാര്‍ഷിക മേഖലയിലെ മൂല്യശൃംഖല പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിന് രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും.

'ഒരു ഡിജിറ്റല്‍ ടെക്‌നോളജി സര്‍വ്വകലാശാലയും പ്രമുഖ കാര്‍ഷിക ഗവേഷണ സ്ഥാപനവും തമ്മിലുള്ള ഈ ബന്ധം കാര്‍ഷികരംഗത്ത് ഡിജിറ്റല്‍ പ്രവര്‍ത്തനക്ഷമതയും പരിവര്‍ത്തനവും വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ സഹായകരമാകും', കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

 'സി.ടി.സി.ആര്‍.ഐ.യെ സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായി അംഗീകരിക്കുന്നത് ഉള്‍പ്പെടെ  പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്കും  ശാസ്ത്രജ്ഞര്‍ക്കും അധ്യാപകര്‍ക്കും   സംയുക്ത ഗവേഷണ പദ്ധതികള്‍ സൃഷ്ടിക്കുന്നതിനും ഈ സഹകരണം പ്രയോജനപ്പെടുമെന്ന്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുസ്ഥിര പ്രകൃതിവിഭവ മാനേജ്‌മെന്റ്, ദുരന്തസാധ്യത കുറയ്ക്കല്‍, ജനിതകശാസ്ത്രം, ഫിനോമിക് പഠനങ്ങള്‍ എന്നിവയ്ക്കായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിന് പിഎച്ച്ഡി പ്രോഗ്രാമുകളിലും അന്തര്‍ദേശീയ, ദേശീയ ഗവേഷണ പദ്ധതികളിലും വളരെ ഫലപ്രദമായ സഹകരണം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നതായി സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.ജി.ബൈജു പറഞ്ഞു.

കിഴങ്ങുവര്‍ഗ്ഗ വിളകളായ മരച്ചീനി, മധുരക്കിഴങ്ങ്, ചേന,  ചക്ക തുടങ്ങിയവ കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളാണ്, അവയ്ക്ക് വളരെ മികച്ച ഭാവിയുണ്ടെന്നും ഗവേഷണയോഗ്യമായ നിരവധി പ്രശ്നങ്ങള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള-യുമായി സഹകരിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പുവെച്ച ധാരണാപത്രത്തിന്റെ  ഭാഗമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള, സി.ടി.സി.ആര്‍.ഐ.യില്‍ ഡി.യു.കെയുടെ അംഗീകൃത ഗവേഷണ കേന്ദ്രവും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാനവശേഷിക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ വിവിധ പദ്ധതികളും രൂപവല്‍ക്കരിക്കും.