LogoLoginKerala

ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലകൂടും! ഇതാ ഗൂഗിളിന്റെ മുന്നറിയിപ്പ്

 
google

ന്യൂഡല്‍ഹി: രാജ്യത്ത് സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍.  കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാണ് രാജ്യത്ത് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. വിധി ഫോണ്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിള്‍ പറയുന്നു.

2022 ലാണ് വ്യത്യസ്ത ഓര്‍ഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്. ആന്‍ഡ്രോയിഡ് മൊബൈല്‍ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനായിരുന്നു ഒരു പിഴ. 1337 കോടി രൂപയായിരുന്നു പിഴ തുക. പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയാണ് പിഴയായി ഈടാക്കിയത്.

അതേസമയം ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റത്തില്‍ തങ്ങളുടെ ആപ്പുകള്‍ ആധിപത്യം സ്ഥാപിക്കുന്നു എന്നുറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ഗൂഗിള്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുമായി കരാറുകളില്‍ ഏര്‍പ്പെട്ടതായി സിസിഐ നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ സിസിഐയുടെ പുതിയ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഗൂഗിള്‍. സിസിഐയുടെ പുതിയ നീക്കം ഇന്ത്യയിലെ ആന്‍ഡ്രോയിഡുകളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നാണ് കമ്പനി പറയുന്നത്.ഇതിനാലാണ് ഇപ്പോള്‍ മുന്നറിയിപ്പുമായി ഗൂഗിള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.