പഠനത്തോടൊപ്പം ജോലി, കര്‍മചാരി പദ്ധതി ആദ്യം കൊച്ചിയിൽ

കൊച്ചി-വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ടൈം ജോലി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മ്മചാരി പദ്ധതി ആദ്യം കൊച്ചി നഗരത്തില്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഹയര്‍സെക്കന്‍ഡറി, കോളജ്, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവരുമായി കൊച്ചിയില്‍ യോഗം നടത്തി. പഠനത്തെ ബാധിക്കാത്ത രീതിയില്‍ പരമാവധി എത്ര സമയം ജോലി ചെയ്യണം, രാത്രിയില്‍ വിദ്യാര്‍ത്ഥികളെ ജോലി ചെയ്യിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതരുടെ നിലപാട്, രക്ഷകര്‍ത്താക്കളുടെ അനുമതി, ഓരോ വിദ്യാഭ്യാസ സ്ഥാപനവും എത്ര വിദ്യാര്‍ത്ഥികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും, ഹോളിഡേ ഡ്യൂട്ടി അനുവദിക്കല്‍, പദ്ധതി മേല്‍നോട്ടത്തിനായി സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കല്‍, വിദ്യാര്‍ത്ഥികളുടെ വേതനം, ഓരോ സ്ഥാപനത്തിനും എത്ര പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയും, ജോലിയുടെ സ്വഭാവം, പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്ക് ഇ എസ് ഐ അനുവദിക്കല്‍, ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയായത്.
കര്‍മ്മചാരി പദ്ധതി സംസ്ഥാനത്ത് ആദ്യം ആരംഭിക്കാന്‍ കഴിയുന്നത് സ്വകാര്യ മേഖലയുമായി സഹകരിച്ചാകുമെന്നും കൊച്ചിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ ഹോട്ടല്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫുഡ് ഔട്ട് ലേയേഴ്സ്, ടെക്സ്റ്റയില്‍സ്, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പാര്‍ട്ട്ടൈം ജോലി നല്‍കുന്നതിന് ലക്ഷ്യമിടുന്നത്. ഐ ടി അധിഷ്ടിത ജോലികളും പരിഗണിക്കും.