‘ഏറ്റവും കൂടിയ സ്ത്രീധനമെത്ര?’ ‘സ്ത്രീധന’ത്തിലൂടെ ഉത്തരം കൊടുത്ത് ഏരീസ് ഗ്രൂപ്പ് ജീവനക്കാര്‍

സ്ത്രീധനം വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കില്ലെന്ന ഏരീസ് ഗ്രൂപ്പ് മേധാവി ഡോ. സോഹന്‍ റോയിയുടെ പ്രഖ്യാപനത്തിനു പിന്നിലെ ആശയമാണ് ഈ ലഘു ചിത്രത്തിന് വഴിമരുന്നിട്ടത്.

സ്ത്രീധന വിരുദ്ധപ്പോരാട്ടത്തിന്റെ തത്വശാസ്ത്രം ഒരു കയ്യില്‍ എല്ലാവരും കാണ്‍കെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ, മറച്ചുപിടിച്ച മറുകൈകൊണ്ട് സ്ത്രീധനം ഇപ്പോഴും അളന്നു തൂക്കിക്കോണ്ടിരിക്കുകയാണ് ശരാശരി മലയാളി. ഈ സാഹചര്യത്തില്‍ ഒരു പുരുഷനു ലഭിക്കാവുന്ന സ്ത്രീധനത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യം അന്വേഷിക്കുകയാണ് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ആ അന്വേഷണത്തിന് അവര്‍ക്ക് ലഭിച്ച ഉത്തരമാണ് ‘സ്ത്രീധനം’ എന്ന ഷോര്‍ട്ട് ഫിലിം.

സ്ത്രീധനം വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കില്ലെന്ന ഏരീസ് ഗ്രൂപ്പ് മേധാവി ഡോ. സോഹന്‍ റോയിയുടെ പ്രഖ്യാപനത്തിനു പിന്നിലെ ആശയമാണ് ഈ ലഘു ചിത്രത്തിന് വഴിമരുന്നിട്ടത്. ജീവനക്കാരുടെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യവും പിന്തുണയും നല്‍കുന്ന സ്ഥാപനമായതുകൊണ്ടുതന്നെ ചിത്രീകരണം വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്ന് ചിത്രത്തിന്റെ സംവിധായകനായ ആല്‍വിന്‍ അഗസ്റ്റിന്‍ പറയുന്നു.

‘ജീവനക്കാരുടെ വ്യക്തിത്വത്തിന്റെയും സര്‍ഗ്ഗശേഷിയുടേയും വികസനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന എച്ച്. ആര്‍ നയങ്ങളാണ് സ്ഥാപനം പിന്തുടരുന്നത്. അതിനാല്‍ തന്നെ ദിവസങ്ങള്‍കൊണ്ട് ഈ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചു. ജീവനക്കാര്‍ തന്നെയാണ് കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നതും സാങ്കേതിക ജോലികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതും. ഞങ്ങളുടെ സിഇഒയുടെ ഈ ആശയം സ്ത്രീധനത്തോടുള്ള മലയാളി പുരുഷന്മാരുടെ കാഴ്ചപ്പാടുകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ‘ ആല്‍വിന്‍ പറഞ്ഞു.

പതിനാറോളം രാജ്യങ്ങളില്‍ ബ്രാഞ്ചുകളും കമ്പനികളും ജീവനക്കാരുള്ള സ്ഥാപനമാണ് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. സാമുദ്രിക വിപണിയിലെ വിവിധ മേഖലകളാണ് ഏരീസിന്റെ വ്യാവസായിക വളര്‍ച്ചയിലെ മുഖ്യപങ്കും സംഭാവന നല്‍കുന്നതെങ്കിലും മീഡിയ, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതലായ മേഖലകളിലും ഗ്രൂപ്പ് മുതല്‍മുടക്കിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് അന്‍പത് ശതമാനം ഓഹരികള്‍ വിതരണം ചെയ്തിട്ടുള്ള ലോകത്തെ തന്നെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിലൊന്നുകൂടിയാണ് ഇത് .ഒപ്പം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് മാസാമാസം പെന്‍ഷന്‍ വിതരണം ചെയ്യുക, ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് ശമ്പളം നല്‍കുക, നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് ആവശ്യമുള്ളപക്ഷം മാന്യമായ റിട്ടയര്‍മെന്റിന് അവസരമൊരുക്കുക , ജീവനക്കാര്‍ക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാല്‍ അവരുടെ മാതാപിതാക്കള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുക , കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണല്‍ അലവന്‍സും സ്‌കോളര്‍ഷിപ്പുകളും കൊടുക്കുക , സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹനമേകുക, ജീവനക്കാര്‍ക്കായി ഹെല്‍ത്ത് മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുക, ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് ഉറപ്പാക്കുക, ജീവനക്കാരുടെ വൈകാരിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാനും സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനുമായി ഹാപ്പിനസ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിക്കുക, തുടങ്ങി ഒട്ടനവധി ക്ഷേമപദ്ധതികളാണ് ഏരീസ് ഗ്രൂപ്പിന്റെ എച്ച്ആര്‍ വിഭാഗം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.

ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നത് കണക്കിലെടുത്ത് ഇന്ത്യയിലെ ഏറ്റവും നല്ല തൊഴില്‍ദാതാവിനുള്ള ‘ആചാര്യ ഹസ്തി കരുണ എംപ്ലോയര്‍ അവാര്‍ഡ് ‘, സ്ഥാപനത്തിന്റെ സിഇഒയും ചെയര്‍മാനുമായ ഡോ. സോഹന്‍ റോയിയ്ക്ക് മുന്‍പ് ലഭിച്ചിരുന്നു.

മരിയ, ഷൈന്‍ തോമസ്, ഗീവര്‍ഗ്ഗീസ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ലഘു ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബി ആര്‍ ബിജുറാമാണ്. ബഷീറാണ് ഡി.ഒ.പി വിഭാഗം കൈകാര്യം ചെയ്തത്. ശരത് ശശിധരനാണ് അസോസിയേറ്റ് ഡയറക്ടര്‍. അസിസ്റ്റന്റ് ക്യാമറാമാന്‍ നിഖില്‍ ശശിധരന്‍. ഡിസൈന്‍ ആന്റണി കെ.ജി, ടൈറ്റില്‍ ഗ്രാഫിക്‌സ് അരുണ്‍ വി.പി എന്നിവരാണ്. കൂടാതെ, ശില്പ.എസ്, കാവ്യ, അഭിഷേക്, ഷിംജി സുധീര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നു. സോഹന്‍ റോയിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ലഘു ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.