LogoLoginKerala

ട്വന്റി- ട്വന്റി പരമ്പരയില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് യുഎഇ

 
newz

ട്വന്റി- ട്വന്റി പരമ്പരയില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് യുഎഇ. ഏഴ് വിക്കറ്റിനായിരുന്നു യുഎഇയുടെ ജയം. ആദ്യമായിട്ടാണ് യുഎഇ ഒരു ഐസിസി കിരീടം നേടിയിട്ടുള്ള ടീമിനെ തോല്‍പ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറിക്കാണ് ദുബായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത യുഎഇ ആസൂത്രിതമായ ബൗളിംഗിലൂടെ കളിയുടെ നിയന്ത്രണം കൈയിലാക്കുകയായിരുന്നു.

പവര്‍പ്ലേ പിന്നിടുംമുമ്പേ ആദ്യത്തെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ യുഎഇയ്ക്കായി. സ്‌കോര്‍ബോര്‍ഡില്‍ വെറും 38 റണ്‍സ് മാത്രം നില്‍ക്കേ ചാഡ് ബൗസ്, ടിം സീഫെര്‍ട്ട്, മിച്ചല്‍ സാന്റ്നര്‍, ഡെയ്ന്‍ ക്ലെവര്‍ എന്നിവരെ ന്യൂസിലന്‍ഡിന് നഷ്ടമായി. ഇവിടെ നിന്ന് കോള്‍ മക്കോളിച്ചെയെ ചേര്‍ത്തു നിര്‍ത്തി മാര്‍ക്ക് ചാപ്മാന്‍ ന്യൂസിലന്‍ഡിനെ മുന്നോട്ടു നയിച്ചു. ഇടയ്ക്കുവച്ച് മക്കോളിച്ചെ 9 റണ്‍സിന് പുറത്തായെങ്കിലും ചാപ്മാന്‍ ഒറ്റയ്ക്കു പോരാട്ടം നയിച്ചു. 12 ഓവറില്‍ 5 വിക്കറ്റിന് 63 റണ്‍സില്‍ നിന്ന് ഭേദപ്പെട്ട നിലയിലേക്ക് കിവികളെ എത്തിച്ചത് ചാപ്മാനാണ്. യുഎഇയ്ക്കായി അയാന്‍ ഖാന്‍ 3 വിക്കറ്റും, മുഹമ്മദ് ജവദുള്ള രണ്ടുവിക്കറ്റും വീഴ്ത്തി.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 26 റണ്‍സ് ബാക്കിനില്‍ക്കെയാണ് യുഎഇ മറികടന്നത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെ തകര്‍പ്പന്‍ വെടിക്കെട്ടാണ് യുഎഇയുടെ അനായാസ ജയത്തിന് വഴിയൊരുക്കിയത്. 29 പന്തില്‍ നിന്ന് 55 റണ്‍സാണ് മുഹമ്മദ് വസീം നേടിയത്. ന്യൂസിലന്‍ഡ് ടീമിലെ ശക്തരായ ബൗളര്‍മാരയെല്ലാം കാഴ്ച്ചക്കാരാക്കിയാണ് വസീമിന്റെ അര്‍ധ സെഞ്ചുറി നേട്ടം. വസീമിന് മികച്ച പിന്തുണയുമായി ഓപ്പണര്‍ ആസിഫ് ഖാനും ക്രീസിലുണ്ടായിരുന്നു.

വസീമിന് പിന്നാലെ ക്രീസിലെത്തിയ മലയാളിത്താരം ബാസില്‍ അഹമ്മദ് ആസിഫ് ഖാന്‍ കൂട്ടുകെട്ടാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം ക്യാപ്റ്റന്‍ ടിം സൗത്തി ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചില്ല. സൗത്തി എറിഞ്ഞ പതിനാറാം ഓവറില്‍ തന്നെയായിരുന്നു യുഎഇയുടെ ചരിത്രവിജയം പിറന്നത്. ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ അസിഫ് മൂന്നും നാലും പന്തുകളില്‍ ബൗണ്ടറി നേടി യുഎഇയിയെ ചരിത്രത്തിലേക്ക് കൈപിടിച്ചു നടത്തി.

29 പന്തില്‍ നിന്ന് 1 സിക്സറും 5 ഫോറും അടക്കം ആസിഫ് 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള ട്വന്റി-ട്വന്റി മത്സരങ്ങളില്‍ ഇരു ടീമുകള്‍ക്കും ഓരോ ജയം വീതമുണ്ട്. അടുത്ത കാലത്തായി വലിയ മുന്നേറ്റം കാഴ്ച്ചവയ്ക്കുന്ന ടീമാണ് യുഎഇ. ടീമില്‍ കൂടുതല്‍ കളിക്കുന്നത് ഇന്ത്യ, പാക് വംശജരാണെങ്കിലും ഇപ്പോള്‍ തദ്ദേശീയ താരങ്ങളും എത്തി തുടങ്ങിയിട്ടുണ്ട്.