LogoLoginKerala

പരിക്ക് വില്ലനായി ബ്രസീലിന്റെ പിറകെ; രണ്ടു താരങ്ങൾ കൂടി ടൂർണമെന്റിൽ നിന്നും പുറത്ത്

 
jesus
മുന്നേറ്റനിര താരമായ ഗബ്രിയേൽ ജീസസ്, ലെഫ്റ്റ് ബാക്കായ അലക്‌സിസ് ടെല്ലസ് എന്നിവരാണ് പരിക്കിന്റെ പിടിയിലായത്

ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി കൊണ്ട് രണ്ടു പ്രധാന താരങ്ങൾ പരിക്ക് മൂലം ടൂർണമെന്റിൽ നിന്നും പുറത്തേക്ക്. മുന്നേറ്റനിര താരമായ ഗബ്രിയേൽ ജീസസ്, ലെഫ്റ്റ് ബാക്കായ അലക്‌സിസ് ടെല്ലസ് എന്നിവരാണ് പരിക്കിന്റെ പിടിയിലായത്. ഇന്നലെ കാമറൂണിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച രണ്ടു താരങ്ങൾക്കും മത്സരം പൂർത്തിയാകാനായിരുന്നില്ല. ടെല്ലസിനെ പരിക്ക് കാരണം പിൻവലിച്ചപ്പോൾ ഗബ്രിയേൽ ജീസസിന് പകരം പെഡ്രോയെ പരിശീലകൻ ടിറ്റെ കളത്തിലിറക്കി.

ലോകകപ്പിൽ പരിക്കിന്റെ വെല്ലുവിളികൾ ഏറ്റവുമധികം നേരിട്ട ടീമാണ് ബ്രസീൽ. ആദ്യമത്സരം കഴിഞ്ഞപ്പോൾ തന്നെ സൂപ്പർതാരം നെയ്‌മർ, റൈറ്റ്‌ബാക്കായ ഡാനിലോ എന്നിവരെ നഷ്‌ടമായ ബ്രസീലിനു രണ്ടാമത്തെ മത്സരത്തിന് ശേഷം ലെഫ്റ്റ് ബാക്കായ അലക്‌സ് സാൻഡ്രോയെയും നഷ്‌ടമായി. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റു രണ്ടു താരങ്ങൾ കൂടി പരിക്കിന്റെ പിടിയിലായിരിക്കുന്നത്. ടൂർണമെന്റിൽ തുടർന്ന് കളിക്കാൻ രണ്ടു താരങ്ങൾക്കും ആവില്ലെന്നാണ് റിപ്പോർട്ടുകൾ.

ഗബ്രിയേൽ ജീസസിനും അലക്‌സ് ടെല്ലസിനും മുട്ടുകാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഗബ്രിയേൽ ജീസസ് കൂടുതൽ ചികിത്സകൾക്കായി ക്യാമ്പ് വിടും. താരം ഇനി മടങ്ങിയെത്താൻ ജനുവരി ആദ്യ വാരമെങ്കിലും ആകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ടെല്ലസിന്റെ പരിക്ക് കൂടുതൽ ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ടെല്ലസിനു ഇന്നലത്തെ മത്സരത്തിൽ ഒരു വീഴ്ചയിൽ ആയിരുന്നു പരിക്കേറ്റത്. താരം കളത്തിൽ തുടരാ‌ൻ ശ്രമിച്ചെങ്കിലും വേദന കാരണം പിൻവലിക്കുകയായിരുന്നു. 

അതേസമയം പരിക്കേറ്റ ഡാനിലോയും നെയ്മറും പ്രീക്വാർട്ടറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ‌‌. എന്നാൽ ഇതുവരെ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിക്ക് ഭയന്ന് പ്രധാന താരങ്ങളെ പുറത്തിരുത്തിയാണ് കാമറൂണിനെതിരെ ബ്രസീൽ ഇറങ്ങിയത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നത് ബ്രസീലിന് തിരിച്ചടിയായി. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ.