കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണങ്ങള്‍ ഇതൊക്കെ! അടുത്തകളിയും വലിയ കടമ്പ, ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഇനി എന്ത്?
ഐഎസ്എല്‍ 2023ലെ അവസാന ലീഗ് മത്സരം ജയിച്ച് പ്ലേ ഓഫിലേക്ക് എളുപ്പം കടകാമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുകയാണ് കഴിഞ്ഞ ദിവസത്തെ ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. കരുത്തരായ ഹൈദരാബാദിനെതിരെ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയ കേരളത്തിന് 31 പോയന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യേണ്ടിവന്നു. കൊച്ചിയില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ദയനീയ പ്രകടനം കാഴ്ച വെച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. നേരത്തെ നേരിട്ട് സെമി ഉറപ്പാക്കിയ ഹൈദരാബാദ് 42 പോയന്റുമായി കൂടുതല്‍ കരുത്തരായി രണ്ടാം സ്ഥാനത്ത് ലീഗ് ഘട്ടം അവസാനിപ്പിക്കുകയും ചെയ്തു.
തോല്‍വിയെക്കാളേറെ ആരാധകരെ നിരാശരാക്കിയത് ഒന്നു പൊരുതാന്‍ പോലും ശ്രമിക്കാതെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അടിയറവ് പറയലായിരുന്നു. അതുമാത്രവുമല്ല വെള്ളിയാഴ്ച കരുത്തരായ ബെംഗളൂരു എഫ് സിക്കെതിരെ പ്ലേ ഓഫിലെ നോക്കൗട്ട് മത്സരം നടക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് ഹൈദരാബാദിനെതിരായ പരാജയം എന്ന് തന്നെ പറയാം.
മത്സരത്തിന്റെ ഒന്നാം പകുതി തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ സമ്മാനിക്കുന്നതായിരുന്നു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ന് പിന്നിലാവുകയാണ് ചെയ്തത്. മത്സരത്തിന്റെ 29ാം മിനിറ്റില്‍ ബോര്യാ ഹെരേര നേടിയ ഗോളിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. ആ ഗോളിന് ഒരു മറുപടി ഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല. ഒറ്റ ഗോളിന്റെ ലീഡ് നിലനിര്‍ത്തിയ ഹൈദരാബാദ് മിന്നുന്ന വിജയവുമായി മുന്നോട്ട് കുതിക്കുകയും ചെയ്തു.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഏറെ ആത്മവിശ്വാസത്തോടെ എളുപ്പം ജയിച്ചുകയറാവുന്ന മത്സരത്തില്‍ ബാലാസ്‌റ്റേഴ്‌സിന് ദയനീയ പരാജയം നേരിടാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും. എന്തൊക്കെ പിഴവുകളായിരിക്കും ബ്ലാസ്റ്റേഴ്‌സിന് വിനയായിമാറിയത്? നമുക്ക് പരിശോധിക്കാം.
ആദ്യം നോക്കുകയാണെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത് രാഹുല്‍ കെപിയുടെ അഭാവം തന്നെയാണ്. മൈതാനത്ത് മുഴുവന്‍ സമയവും അധ്വാനിച്ച് കൊണ്ടിരിക്കുന്നയാളാണ് രാഹുല്‍ കെപി എന്നുള്ളത് മുന്‍ കളികളിലൂടെ തംളിഞ്ഞതാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ ടീമിന് ഏറ്റവുമധികം ഊര്‍ജ്ജ്വം പകര്‍ന്നു നല്‍കുന്ന രാഹുല്‍ ടീമിന് സമ്മാനിച്ചു കൊണ്ടിരുന്ന എനര്‍ജിയും കോണ്‍ഫിഡന്‍സും വേറെ ലെവലായിരുന്നു. സസ്‌പെന്‍ഷനെത്തുടര്‍ന്ന് രാഹുലിന് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളിക്കാനാവാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ വന്‍ മാറ്റമുണ്ടായി. എന്നാല്‍ രാഹുലിന്റെ കളിക്കളത്തിലെ അഭാവം നികത്താന്‍ പകരം വന്ന ആര്‍ക്കും കഴിഞ്ഞില്ല.
അടുത്തതായി എടുത്തുപറയേണ്ടത് സഹല്‍ അബ്ദുള്‍ സമദിന്റെ ഫോമില്ലായ്മ തന്നെയാണ്. കഴിഞ്ഞ സീസണിന്റെ നിഴല്‍ മാത്രമായ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഫോമില്ലായ്മ ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായെന്നതില്‍ സംശയമില്ല. മത്സരത്തിനിടെ പലപ്പോളും സഹലിനെ മൈതാനത്ത് കാണാന്‍ പോലുമുണ്ടായിരുന്നില്ല. സഹലിന്റെ മോശം ഫോം ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്.
ഇനി ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയുടെ പ്രകടനം ദയനീയമായിരുന്നെന്ന് പറയാതിരിക്കാനാവില്ല. ഗോള്‍ അടിച്ചില്ലെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകള്‍ പോലും ടീമിന് തൊടുക്കാനായില്ല എന്നത് നിരാശജനകമാണ്. ഫൈനല്‍ തേഡിലെ ദയനീയ പ്രകടനം ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് പിന്നിലെ വലിയ കാരണങ്ങളിലൊന്നാണ്.
ഇതൊന്നും കൂടാതെ ഈ സീസണിന്റെ ആദ്യ ഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്ന ഇവാന്‍ കലിയൂഷ്‌നിയെ 6 മഞ്ഞക്കാര്‍ഡുകള്‍ ഉണ്ടായിട്ടും റിസ്‌കെടുത്ത് കളിപ്പിച്ചതും, ഇവാന്റെ മോശം ഫോമും കളിക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇനി ഇതൊന്നുമല്ലാതെ പ്ലേ ഓഫിന് മുമ്പ് ബ്ലാസ്റ്റേഴ്‌സിന് വലിയൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. മധ്യനിരയില്‍ ടീമിന്റെ കരുത്തായ ഇവാന്‍ കല്യൂഷ്‌നിക്ക് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് തിരിച്ചടി. താരത്തിന് ഈ സീസണില്‍ ലഭിക്കുന്ന ഏഴാമത്തെ മഞ്ഞക്കാര്‍ഡാണിത്. അത് കൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ല. കല്യൂഷ്‌നി പ്ലേ ഓഫില്‍ കളിച്ചില്ലെങ്കില്‍ അത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ പദ്ധതികളെയും തകിടം മറിക്കുമെന്നുറപ്പാണ്.
ഇനി തീപാറുന്ന പ്ലേ ഓഫ് പോരാട്ടം മാര്‍ച്ച് മൂന്നിന് നടക്കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് എതിരാളികള്‍ ആരെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ്, നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിയെ പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ നേരിടും. മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനും, ആറാം സ്ഥാനക്കാരായ ഒഡീഷ എഫ്സിയും മാര്‍ച്ച് നാലിന് നടക്കുന്ന രണ്ടാം പ്ലേ ഓഫില്‍ ഏറ്റുമുട്ടും. ആദ്യ പ്ലേ ഓഫ് മത്സരത്തിലെ വിജയികള്‍ മാര്‍ച്ച് ഏഴിന് നടക്കുന്ന ആദ്യപാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റിയെയും നേരിടും. രണ്ടാം പാദ സെമി മാര്‍ച്ച് 12ന് നടക്കും. രണ്ടാം പ്ലേ ഓഫിലെ വിജയികള്‍ മാര്‍ച്ച് ഒമ്പതിന് നടക്കുന്ന ആദ്യപാദ സെമി ഫൈനലില്‍ ഹൈദരാബാദിനെ നേരിടും. മാര്‍ച്ച് 13ന് ഇതിന്റെ രണ്ടാം പാദം നടക്കും. മാര്‍ച്ച് 18നാണ് ഫൈനല്‍.